ദുരന്തങ്ങളുടെ ഇരുണ്ട നാളുകൾ പിന്നിട്ട് ശ്രുതി; പുതിയ ജീവിതയാത്രയ്ക്ക് കൈപിടിച്ച് സന്ദീപ്

വയനാട് ചൂരൽമല ദുരന്തത്തിൽ കുടുംബവും വീടും ഉൾപ്പെടെ ജീവിതത്തിന്റെ അടിത്തറ തന്നെ നഷ്ടപ്പെട്ട ശ്രുതി, തുടർച്ചയായ ദുരന്തങ്ങളെയും വ്യക്തിപരമായ നഷ്ടങ്ങളെയും അതിജീവിച്ച് പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുകയാണ്. ഏറെ വേദനകളും പ്രതിസന്ധികളും താണ്ടിയെത്തിയ ശ്രുതിയുടെ ജീവിതയാത്രയിൽ ഇനി കൂട്ടായും കരുത്തായും സന്ദീപ് ഒപ്പമുണ്ടാകും.

ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരിയെയും വീടിനെയും ഒരേ സമയം നഷ്ടപ്പെട്ടതോടെ ശ്രുതി തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. ആ ദുരന്തത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിശ്രുത വരനായ ജെൻസൻ ജീവിതത്തിലെ ആശ്രയമായി മാറിയത്. എന്നാൽ മാസങ്ങൾക്ക് മുമ്പ് ഉണ്ടായ വാഹനാപകടത്തിൽ ജെൻസനും മരണപ്പെട്ടതോടെ ശ്രുതിക്ക് മറ്റൊരു വലിയ ആഘാതം കൂടി നേരിടേണ്ടി വന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശ്രുതി ദീർഘനാളുകൾ ചികിത്സയിലായിരുന്നു. ഉരുൾപൊട്ടലിന് ശേഷം ബന്ധുക്കളുടെ സഹായത്തോടെ കൽപ്പറ്റയിലെ വാടകവീട്ടിൽ കഴിയുന്നതിനിടെയായിരുന്നു വിവാഹ ഒരുക്കങ്ങൾ നടന്നിരുന്നത്. എന്നാൽ വിവാഹത്തിന് മുമ്പുതന്നെ പ്രതിശ്രുത വരനെ നഷ്ടപ്പെട്ടത് ശ്രുതിയുടെ ജീവിതത്തെ വീണ്ടും ദുഃഖത്തിലാഴ്ത്തി.

ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടത്തിലൂടെ കടന്നുപോകേണ്ടി വന്ന ശ്രുതിയെ സംസ്ഥാന സർക്കാർ ചേർത്തുപിടിച്ചിരുന്നു. 2024 ഡിസംബർ 9-ന് റവന്യൂ വകുപ്പിൽ ക്ലാർക്കായി നിയമിതയായ ശ്രുതി സർക്കാർ സേവനത്തിലൂടെ പുതിയ ജീവിതത്തിന് തുടക്കമിട്ടു.

ഇപ്പോൾ കഴിഞ്ഞകാലത്തെ വേദനാജനകമായ ഓർമ്മകൾ പിന്നിലാക്കി പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുതിയ വഴിയിലേക്ക് നീങ്ങുകയാണ് ശ്രുതി. സന്ദീപിന്റെ കൈപിടിച്ച് പുതിയ ജീവിതം ആരംഭിക്കാൻ ഒരുങ്ങുന്ന ശ്രുതിക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പിന്തുണയും ആശംസകളും ഒപ്പമുണ്ട്. ദുരന്തങ്ങൾ ജീവിതത്തെ തകർത്തുകളയാമെങ്കിലും മനോധൈര്യത്തെ തോൽപ്പിക്കാനാകില്ലെന്ന സന്ദേശമാണ് ശ്രുതിയുടെ ജീവിതം വീണ്ടും മുന്നോട്ടുവയ്ക്കുന്നത്.

മറുപടി രേഖപ്പെടുത്തുക