ടി20 ലോകകപ്പ് വിജയാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റി വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു. ടീമിലെ പ്രമുഖ ഓൾറൗണ്ടറായ ആഷ്‌ലി ഗാർഡ്‌നറിനെതിരെ ഗുരുതര ആരോപണവുമായി പങ്കാളി മോണിക്ക റൈറ്റ് രംഗത്തെത്തിയതോടെയാണ് വിഷയം വലിയ ചർച്ചയായത്.
ഗാർഡ്‌നർ സഹതാരവും ഓസ്ട്രേലിയൻ ബാറ്ററുമായ ജോർജിയ വോളുമായി ബന്ധത്തിലാണെന്നാണ് മോണിക്ക റൈറ്റിന്റെ ആരോപണം. ഗാർഡ്‌നറുടെ ദാമ്പത്യജീവിതത്തിൽ പ്രതിസന്ധി നേരിടുന്നതായും മറ്റൊരു വനിതാ താരവുമായി ബന്ധപ്പെട്ട വിവാദമാണ് അതിന് കാരണമെന്നുമുള്ള റിപ്പോർട്ട് ഡെയ്‌ലി മെയിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു റൈറ്റിന്റെ വെളിപ്പെടുത്തൽ. ആദ്യ റിപ്പോർട്ടിൽ സഹതാരത്തിന്റെ പേര് പരാമർശിച്ചിരുന്നില്ല.
തുടർന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ജോർജിയ വോളിന്റെ ചിത്രം പങ്കുവെച്ച മോണിക്ക റൈറ്റ്, റിപ്പോർട്ട് വ്യക്തമല്ലായിരുന്നുവെന്നും തന്റെ ബന്ധം തകരാൻ കാരണമായ വ്യക്തി ജോർജിയ വോളാണെന്നുമാണ് ആരോപിച്ചത്.
മോണിക്ക റൈറ്റിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ പുറത്തുവന്നതോടെ വിഷയം ഓസ്ട്രേലിയൻ ക്രിക്കറ്റ് ലോകത്ത് വ്യാപക ചർച്ചയായി. ഇതുവരെ അഭ്യൂഹങ്ങളുടെ തലത്തിൽ നിന്നിരുന്ന ആരോപണം, രണ്ട് അന്താരാഷ്ട്ര താരങ്ങളെ ചുറ്റിപ്പറ്റിയുള്ള പരസ്യ വിവാദമായി മാറുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഇന്ത്യയിൽ നടന്ന വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്കിടെയാണ് ഗാർഡ്‌നറും റൈറ്റും തമ്മിലുള്ള ബന്ധത്തിൽ അകൽച്ച രൂപപ്പെട്ടുതുടങ്ങിയത്. ടൂർണമെന്റിനിടെ റൈറ്റ് ഇന്ത്യയിലെത്തിയിരുന്നുവെന്നും ആ സമയത്ത് ഗാർഡ്‌നറുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകകപ്പിന് ശേഷം സിഡ്നിയിലേക്ക് മടങ്ങിയ ഗാർഡ്‌നർ, ബന്ധത്തിൽ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് റൈറ്റിനെ അറിയിച്ചതായും പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. വേർപിരിയുന്നതിന് മുമ്പ് വരെ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
നവംബറിൽ ഗാർഡ്‌നർ സംയുക്ത വസതിയിൽ നിന്ന് മാറിത്താമസിച്ചതായും പോകുമ്പോൾ വിവാഹ മോതിരങ്ങൾ മാത്രം അവിടെ ഉപേക്ഷിച്ചുവെന്നുമാണ് റിപ്പോർട്ടിലെ മറ്റൊരു പരാമർശം.
വേർപിരിയൽ ഓസ്ട്രേലിയൻ വനിതാ ടീമിന്റെ ഡ്രസിങ് റൂമിലും ചർച്ചയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടീമിലെ ചില താരങ്ങൾ മോണിക്ക റൈറ്റുമായി ഇപ്പോഴും ബന്ധം തുടരുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയ ഇതുവരെ തയ്യാറായിട്ടില്ല. ആരോപണങ്ങളോട് ബന്ധപ്പെട്ട് ആഷ്‌ലി ഗാർഡ്‌നറോ ജോർജിയ വോളോ പരസ്യമായി പ്രതികരിച്ചിട്ടില്ല.
