പ്രണയത്തിലാകുന്ന കൗമാരക്കാർക്കെതിരെ പോക്സോ ദുരുപയോഗം; മാതാപിതാക്കൾ നിയമത്തെ ആയുധമാക്കുന്നു: സുപ്രീം കോടതി

പരസ്പര സമ്മതത്തോടെ പ്രണയത്തിലാകുന്ന കൗമാരക്കാരെ ലക്ഷ്യമിട്ട് പോക്സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. കുടുംബത്തിന്റെ അഭിമാനവും സാമൂഹിക പ്രതിച്ഛായയും സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാതാപിതാക്കൾ കർശനമായ ക്രിമിനൽ നിയമങ്ങളെ ആയുധമാക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ചാണ് കൗമാരക്കാരുടെ അവകാശങ്ങളും സ്വകാര്യതയും സംബന്ധിച്ച കേസിൽ ഈ നിരീക്ഷണങ്ങൾ നടത്തിയത്. 15 മുതൽ 18 വയസ് വരെയുള്ള പ്രായം വൈകാരികമായി അതീവ സങ്കീർണമായ ഘട്ടമാണെന്നും ഈ പ്രായത്തിൽ പരസ്പര സമ്മതത്തോടെ രൂപപ്പെടുന്ന ബന്ധങ്ങളെ എല്ലായ്പ്പോഴും പോക്സോ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതുണ്ടോയെന്ന് കോടതി ചോദിച്ചു.

ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒരുമിച്ച് പോകുന്നത് ഭരണകൂടത്തിന് എങ്ങനെ തടയാനാകുമെന്ന ചോദ്യവും കോടതി ഉയർത്തി. സ്വന്തം ഇഷ്ടപ്രകാരം പങ്കാളിക്കൊപ്പം പോകുന്ന പെൺകുട്ടികളെ തിരിച്ചുകൊണ്ടുവരാൻ മാതാപിതാക്കൾ പലപ്പോഴും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാറുണ്ടെന്നും, എന്നാൽ പിന്നീട് മതിയായ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിടേണ്ട സാഹചര്യം കോടതികൾക്ക് ഉണ്ടാകുന്നതായും ബെഞ്ച് നിരീക്ഷിച്ചു.

കൗമാരക്കാരുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി 25 വയസ്സുള്ള യുവാവിനൊപ്പം ഒളിച്ചോടിയ കേസിൽ കൊൽക്കത്ത ഹൈക്കോടതി നടത്തിയ വിവാദ പരാമർശങ്ങളാണ് സുപ്രീം കോടതിയുടെ സ്വമേധയാ ഇടപെടലിന് വഴിവെച്ചത്. പെൺകുട്ടികൾ തങ്ങളുടെ ലൈംഗിക താൽപര്യങ്ങളെ നിയന്ത്രിക്കണമെന്ന ഹൈക്കോടതി പരാമർശം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.

കൗമാരക്കാർക്കിടയിൽ നിയമബോധം വളർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ആറാം ക്ലാസ് മുതൽ തന്നെ കുട്ടികൾക്ക് കൗമാര വിദ്യാഭ്യാസവും പോക്സോ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ അവബോധവും നൽകണമെന്ന് കോടതി നിർദേശിച്ചു.

പോക്സോ കേസുകൾ നിരീക്ഷിക്കാൻ ദേശീയതലത്തിൽ പ്രത്യേക ഡാഷ്ബോർഡ് സംവിധാനം വേണമെന്ന നിർദേശം പരിഗണിച്ച കോടതി, നിലവിൽ ഹൈക്കോടതികൾക്ക് കീഴിലുള്ള ശിശു അവകാശ സമിതികളും സംസ്ഥാന സർക്കാരുകളും പ്രാദേശിക തലത്തിൽ ഇത്തരം കേസുകൾ നിരീക്ഷിക്കുന്നതാണ് കൂടുതൽ പ്രായോഗികമെന്ന നിലപാടാണ് സ്വീകരിച്ചത്.

കൗമാരക്കാരുടെ ക്ഷേമവും ശിശുസംരക്ഷണവും മുൻനിർത്തി കൂടുതൽ നടപടികൾ ആവശ്യമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, വിഷയം സംബന്ധിച്ച തുടർപരിഗണന ജൂലൈ 17-ലേക്ക് മാറ്റി.

മറുപടി രേഖപ്പെടുത്തുക