വയനാട് ടൗൺഷിപ്പ്; 178 വീടുകളുടെ താമസയോഗ്യത ഉറപ്പാക്കുന്നതിനായുള്ള വിദഗ്ധ പരിശോധന ആരംഭിച്ചു

വയനാട് ടൗൺഷിപ്പിൽ പട്ടയം ലഭിച്ച 178 കുടുംബങ്ങൾക്കായി നിർമ്മിച്ച വീടുകളുടെ താമസയോഗ്യത ഉറപ്പാക്കുന്നതിനുള്ള വിദഗ്ധ പരിശോധന ആരംഭിച്ചു. സർക്കാർ ഏജൻസിയായ കിഫ്‌കോണും നിർമ്മാണ കരാറുകാരായ ഊരാളുങ്കലും ചേർന്ന സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്.

നിലവിൽ വീടുകളുടെ അന്തിമ കൈമാറ്റത്തിന് മുന്നോടിയായി മൂന്ന് ഘട്ട പരിശോധനകളാണ് നിശ്ചയിച്ചിരിക്കുന്നത്. കരാറുകാരായ ULCCS ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ കിഫ്കോണും ഊരാളുങ്കൽ എൻജിനീയർമാരും ചേർന്ന് രണ്ടാംഘട്ട പരിശോധനയാണ് പുരോഗമിക്കുന്നത്. ഇതിൽ വിജയിക്കുന്ന വീടുകൾ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തി മൂന്നാംഘട്ട പരിശോധനയ്ക്ക് വിധേയമാക്കും.

ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ ‘പോണ്ടിങ് ടെസ്റ്റിൽ’ ചില വീടുകളിൽ നേരിയ തോതിൽ വെള്ളം ചോർച്ച കണ്ടെത്തിയിരുന്നു. എന്നാൽ സീലിംഗ് വാട്ടർപ്രൂഫിംഗ് പൂർത്തിയാക്കാത്ത ഘട്ടത്തിൽ നടന്ന പരീക്ഷണമാണിതെന്നും, അപാകതകൾ ശാസ്ത്രീയമായി പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു.

വീടുകൾക്ക് കൈമാറ്റത്തിന് ശേഷം അഞ്ചുവർഷ വാറന്റിയും ജനൽ ഉൾപ്പെടെയുള്ള ഘടകങ്ങൾക്ക് 20 വർഷം വരെ വാറന്റിയും ഉറപ്പുനൽകിയിട്ടുണ്ട്. മെയ് മാസത്തിന് മുൻപായി 178 വീടുകളുടെയും പരിശോധന പൂർത്തിയാക്കി കുടുംബങ്ങൾക്ക് താമസത്തിനായി കൈമാറാനാണ് ലക്ഷ്യം.

മറുപടി രേഖപ്പെടുത്തുക