നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെയുണ്ടായ അക്രമങ്ങൾക്ക് പിന്നാലെ, പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ നിന്ന് ബഹുഭൂരിപക്ഷം എം.എൽ.എമാരും വിട്ടുനിന്നു.
യോഗത്തിൽ പങ്കെടുക്കാൻ ആകെയുള്ള 80 എം.എ.ൽഎമാരിൽ 20 പേർ മാത്രമാണ് എത്തിയത്. 60 എം.എൽ.എമാർ യോഗത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നു. മമത ബാനർജിയുടെ കാളിഘട്ടിലെ വസതിയിലാണ് നിർണ്ണായക യോഗം ചേരാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഭൂരിഭാഗം ജനപ്രതിനിധികളും എത്താതിരുന്നതിനെത്തുടർന്ന് യോഗം റദ്ദാക്കേണ്ടി വന്നു.
അതേസമയം, തൃണമൂൽ നേതാക്കൾക്കുനേരെയുണ്ടായ അക്രമങ്ങൾക്കെതിരെ വിവിധയിടങ്ങളിൽ പ്രാദേശിക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനാലാണ് എം.എൽ.എമാർക്ക് യോഗത്തിൽ എത്താൻ കഴിയാതിരുന്നതെന്നാണ് പാർട്ടി നൽകുന്ന ഔദ്യോഗിക വിശദീകരണം. എന്നാൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളാണ് കൂട്ട വിട്ടുനിൽക്കലിന് പിന്നിലെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ.
