നെടുമങ്ങാട്ട് ഒന്നര വയസ്സുകാരൻ ക്രൂരമായ മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ അഷ്കറിന് പുറമെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നു. അഷ്കറിന്റെ ക്രൂരതകൾക്ക് ഇരയായ ആദ്യ ഭാര്യ ആമിനയുടെ അവസ്ഥ, മറ്റ് ദുരൂഹ മരണങ്ങൾ എന്നിവയുൾപ്പെടെ സമഗ്രമായ അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. പ്രതിയുടെ മാതാവ്, സഹോദരി എന്നിവർക്ക് കൊലപാതകത്തിലോ മറ്റ് കുറ്റകൃത്യങ്ങളിലോ പങ്കുണ്ടോയെന്നും പരിശോധിക്കും.
കേവലം ഒരു കൊലപാതക കേസ് എന്നതിനപ്പുറം പ്രതിയായ അഷ്കറിനെ ചുറ്റിപ്പറ്റിയുള്ള മറ്റ് പല ദുരൂഹ സംഭവങ്ങളും പുറത്തുവന്നതോടെയാണ് അന്വേഷണ പരിധി വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. അഷ്കറിന്റെ ആദ്യ ഭാര്യ ആമിന ക്രൂരമായ ഗാർഹിക പീഡനത്തിനാണ് ഇരയായിരുന്നത്. അഷ്കറിന്റെ അതിക്രൂരമായ മർദ്ദനത്തെത്തുടർന്ന് കഴിഞ്ഞ 13 മാസമായി ഈ യുവതി കോമ അവസ്ഥയിൽ തുടരുകയാണെന്ന് ആമിനയുടെ മാതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും.
ചിറയിൻകീഴ് സ്വദേശിനിയായ ഒരു യുവതിയുടെ ദുരൂഹ മരണവും ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ പരിധിയിൽ വരും. കൂടാതെ കൊല്ലപ്പെട്ട കുഞ്ഞിന്റെ സ്വന്തം പിതാവ് നേരത്തെ ജീവനൊടുക്കിയതിന് പിന്നിൽ അഷ്കറിനോ അഖിലയ്ക്കോ പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ അഷ്കറും കുഞ്ഞിന്റെ അമ്മയായ അഖിലയും കുറ്റം സമ്മതിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ പൊലീസ് നിരത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആവർത്തിച്ച് ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ മർദ്ദിച്ച വിവരം അഷ്കർ സമ്മതിച്ചത്.
കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി അഷ്കറിനെ നെടുമങ്ങാട്ടെ വാടകവീട്ടിൽ എത്തിച്ചപ്പോൾ ജനരോഷം ആളിപ്പടർന്നു. ശക്തമായ പൊലീസ് കാവലുണ്ടായിരുന്നിട്ടും പ്രതിക്കെതിരെ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയും പ്രതിയെ കൈയേറ്റം ചെയ്യുകയുമുണ്ടായി.
കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തച്ഛനായ സുനിൽ കുമാർ, മകൾ അഖിലയ്ക്കും അഷ്കറിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അഖിലയുടെ മറ്റൊരു സുഹൃത്തിനും ഈ സംഭവങ്ങളിൽ പങ്കുണ്ടെന്നും അയാളെക്കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നുമാണ് സുനിൽ കുമാറിന്റെ ആവശ്യം. കുഞ്ഞിന്റെ മരണത്തിന് പിന്നിലെ എല്ലാ കറുത്ത വശങ്ങളും പുറത്തുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് നെടുമങ്ങാട് പൊലീസ്.
