കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്നടത്തിയ റെയ്ഡിനെ ശക്തമായി അപലപിച്ച് തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ബിജെപി സർക്കാർ ‘ആയുധമാക്കുകയാണെന്ന്’ അദ്ദേഹം ആരോപിച്ചു.
തന്റെ ഔദ്യോഗിക പ്രതികരണത്തിലൂടെയാണ് കേരളത്തിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളിൽ സ്റ്റാലിൻ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയത്.
“മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരേ ഭയപ്പെടുത്താനുള്ള ആയുധമാക്കുന്ന പ്രവണതയാണ് ഇതിലൂടെ വീണ്ടും വ്യക്തമാകുന്നത്. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണ് ബിജെപി ശ്രമിക്കുന്നത്,” എം.കെ. സ്റ്റാലിൻ വ്യക്തമാക്കി.
കേരളത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന എൽഡിഎഫ് വാദങ്ങൾക്ക് കരുത്തുപകരുന്നതാണ് അയൽസംസ്ഥാനത്തെ പ്രമുഖ നേതാവായ സ്റ്റാലിന്റെ ഈ പിന്തുണ. കേന്ദ്ര സർക്കാരിന്റെ ഇത്തരം ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് പോരാടുമെന്ന സന്ദേശമാണ് അദ്ദേഹം നൽകുന്നത്.
