യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെ വിമർശിച്ചും ചില പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്തും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി രംഗത്ത്. സംസ്ഥാനത്ത് കേന്ദ്ര ഭരണ സാഹചര്യം ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് പിന്നാലെയായിരുന്നു പ്രതികരണം.
യുഡിഎഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച കാർഷിക ബജറ്റ് അവതരിപ്പിക്കാത്തത് നിരാശാജനകമാണെന്ന് ജോസ് കെ മാണി പറഞ്ഞു. തമിഴ്നാടും കർണാടകയും പ്രത്യേക കാർഷിക ബജറ്റുകൾ അവതരിപ്പിച്ച സാഹചര്യത്തിൽ കേരളത്തിലും അതുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തിയതിനെ അദ്ദേഹം സ്വാഗതം ചെയ്തു. എന്നാൽ യുഡിഎഫ് പ്രകടനപത്രികയിൽ റബർ വില 300 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകുമെന്ന പ്രഖ്യാപനവും തീരദേശ ജനങ്ങൾക്ക് കടൽ അവകാശം ഉറപ്പാക്കുമെന്ന തീരുമാനവും കേരള കോൺഗ്രസ് (എം) മുന്നോട്ടുവച്ച ആവശ്യങ്ങളായിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. ഈ രണ്ട് നിർദേശങ്ങളും ബജറ്റിൽ ഉൾപ്പെട്ടത് സന്തോഷകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ കൂടുതൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട ജോസ് കെ മാണി, പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഏഴ് പേർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി. മനുഷ്യജീവൻ സംരക്ഷിക്കാൻ ശക്തമായ നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിൽ നിരവധി വൻകിട പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ നടപ്പാക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർവകലാശാലകൾ, കോടതികൾ, ഭരണസംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ കേന്ദ്ര ഇടപെടൽ വർധിക്കുന്നുവെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
