ഇടതുപക്ഷം ആരോഗ്യകരമായ രാഷ്ട്രീയ സംവാദങ്ങളാണ് ഉയർത്തുന്നതെന്ന് എം. സ്വരാജ് വ്യക്തമാക്കി. എന്നാൽ വികസന വിഷയങ്ങൾ ചർച്ച ചെയ്യരുതെന്ന നിലപാടാണ് യുഡിഎഫിന് എന്നും അദ്ദേഹം ആരോപിച്ചു. വിവാദങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്നും, അതിന് കോൺഗ്രസിന്റെ ദേശീയ നേതൃത്വവും കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനും ബിജെപിക്കും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകളായി നിലനിൽക്കുന്നുവെന്ന് സ്വരാജ് ആരോപിച്ചു. ഇടതുപക്ഷത്തെ എതിർക്കാൻ ഈ കൂട്ടുകെട്ട് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശനെ ആർ.എസ്.എസ് ജന്മശതാബ്ദി ആഘോഷത്തിന് ക്ഷണിച്ചതെന്തുകൊണ്ടാണെന്ന് ചോദിച്ച അദ്ദേഹം, ഇതെല്ലാം ചരിത്രസത്യങ്ങളാണെന്നും കൂട്ടിച്ചേർത്തു.
വടകരയെയും ബേപ്പൂരിനെയും കുറിച്ച് ഇപ്പോൾ ചോദിക്കുന്നില്ലെന്നും, എന്നാൽ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കാൻ പോയതെന്തിനെന്ന ചോദ്യം തുടർന്നും ഉയർത്തുമെന്നും സ്വരാജ് വ്യക്തമാക്കി. വ്യാജ ആരോപണങ്ങൾ കൊണ്ട് മറുപടി നൽകാനാവില്ലെന്നും, തെരഞ്ഞെടുപ്പിനെ തെരഞ്ഞെടുപ്പായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരിതാശ്വാസത്തിനായി പിരിച്ചെടുത്ത പണത്തിന്റെ കണക്കുകൾ വ്യക്തമായി പുറത്തുവിടണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു. ഏത് അക്കൗണ്ടിൽ എത്ര തുക ലഭിച്ചു, അത് എങ്ങനെ വിനിയോഗിച്ചു തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കേണ്ട ഉത്തരവാദിത്വം കോൺഗ്രസിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരിതബാധിതരുടെ അവസ്ഥ ചൂണ്ടിക്കാട്ടി ജനങ്ങളിൽ നിന്ന് സമാഹരിച്ച പണം എവിടെയെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
സി.ജെ.പി എന്നത് കോൺഗ്രസ് ജനത പാർട്ടിയാണെന്നും, കോൺഗ്രസും ആർ.എസ്.എസ് ഉം തമ്മിലുള്ള ബന്ധം ദീർഘകാലമായി തുടരുന്നുവെന്നും സ്വരാജ് ആരോപിച്ചു. ഇ.എം.എസ് നെയും എ.കെ.ജി യെയും തോൽപ്പിക്കാൻ ഈ കൂട്ടുകെട്ട് പ്രവർത്തിച്ചിരുന്നുവെന്നും, അതിന്റെ തുടർച്ചയാണ് ഇന്നും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രവീൺ തോഗഡിയക്കെതിരായ കേസുകൾ കോൺഗ്രസ് സർക്കാർ പിൻവലിച്ചതും, പൊലീസുകാരനെതിരായ ആക്രമണ കേസുകളും ആർ.എസ്.എസ് ആവശ്യപ്രകാരം ഒഴിവാക്കിയതും ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി രഹസ്യ-പരസ്യ ബന്ധങ്ങൾക്കുള്ള മറുപടി കോൺഗ്രസിന് പറയാനുണ്ടെന്നും, പ്രത്യേകിച്ച് ഗോൾവർക്കറുടെ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യാൻ പ്രതിപക്ഷനേതാവ് പോയതെന്തിനെന്നതിന് വ്യക്തമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപിയിലെ പല സ്ഥാനാർത്ഥികളും കോൺഗ്രസിന്റെ പിന്തുണയിൽ വളർന്നവരാണെന്നും, എറണാകുളത്തെ വടവുകോട് പോലുള്ള സ്ഥലങ്ങളിൽ എൻഡിഎയുടെ ഘടകകക്ഷിയായ ട്വന്റി20യുടെ പിന്തുണയോടെയാണ് കോൺഗ്രസ് ഭരണം നടത്തുന്നതെന്നും സ്വരാജ് ആരോപിച്ചു. ഇത്തരത്തിലുള്ള സഹകരണങ്ങൾ അവസാനിപ്പിച്ച ശേഷം മാത്രമേ ‘ഡീൽ’ എന്ന കാര്യത്തിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവിന് അവകാശമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.
‘ഡീൽ’ എന്ന വാക്ക് കോൺഗ്രസിന് പരിചിതമാണെന്നും, തൃപ്പൂണിത്തുറയിൽ കാലങ്ങളായി ഇത്തരത്തിലുള്ള ഇടപാടുകൾ നടക്കുന്നതായും സ്വരാജ് ആരോപിച്ചു. നഗരസഭയിൽ കോൺഗ്രസ് ബിജെപിക്ക് വോട്ട് ചെയ്യുകയും, നിയമസഭയിൽ ബിജെപി കോൺഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്നും, ട്വന്റി20യെ മത്സരിപ്പിച്ചതും ഇതിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
