ബജറ്റ് ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ത്രാണിയില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാന ബജറ്റ് ലോകമാകെയുള്ള മലയാളികൾ ചർച്ച ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നവകേരള നിർമിതിക്ക് ഉത്തകുന്നതും ഇടതുപക്ഷത്തിന്റെ ബദൽ വികസന കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതുമാണ് ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ അവഗണന മറികടന്ന് കേരളം മുന്നേറും എന്നതിന്റെ സാക്ഷ്യപത്രമാണ് ഈ ബജറ്റെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ദാരിദ്ര്യം അവസാനിപ്പിക്കാനുള്ള ഉറച്ച തീരുമാനങ്ങളോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിരുദ പഠനം സൗജന്യമാക്കിയ തീരുമാനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും എല്ലാ ജനവിഭാഗങ്ങൾക്കും ബജറ്റിൽ ആവശ്യമായ കരുതലുണ്ടെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

ബജറ്റ് ചർച്ച ചെയ്യാനുള്ള ശേഷി പ്രതിപക്ഷത്തിനില്ലെന്നും “പ്രായോഗികമല്ല” എന്ന ഒരേയൊരു വിമർശനമാണ് അവർ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021ൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അതേ ആരോപണങ്ങളാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും ആവർത്തിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. കഴിഞ്ഞ ബജറ്റിനെ ‘ബഡായി ബജറ്റ്’ എന്ന് വിളിച്ച ചെന്നിത്തലയുടെ നിലപാടിൽ നിന്നൊന്നും പ്രതിപക്ഷം മാറിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടതുപക്ഷ ബദൽ വികസനം എന്താണെന്ന് പ്രതിപക്ഷത്തിന് മനസിലാകില്ലെന്നും “ഞങ്ങളാണ് വീണ്ടും അധികാരത്തിൽ വരാൻ പോകുന്നത്; ബജറ്റിലെ നിർദേശങ്ങൾ ഞങ്ങൾ തന്നെ നടപ്പാക്കും” എന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇത് അമിത ആത്മവിശ്വാസമല്ല, നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക