അതിവേഗ റെയിൽപാത പദ്ധതി നാട്ടുകാരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെ നടപ്പാക്കുക എന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഓഫീസ് തുറന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്കായി ഏപ്രിൽ, മേയ് മാസങ്ങളിലായി ഫീൽഡ് വർക്ക് ആരംഭിക്കുമെന്ന് ഇ ശ്രീധരൻ അറിയിച്ചു. അതിവേഗ റെയിൽപാത പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇന്നുമുതൽ തന്നെ ആരംഭിക്കുമെന്നും, സർവേയ്ക്കായി റഡാർ ഉപയോഗിക്കാതെ മാനുവലായാണ് പരിശോധന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർവേ ആരംഭിക്കുന്നതിന് മുൻപ് നാട്ടുകാരുടെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ടെന്നും, അവർക്കൊരു വിധത്തിലുള്ള ഉപദ്രവവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്ന് സ്റ്റാഫിനോട് നിർദേശിച്ചിട്ടുണ്ടെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. പദ്ധതി എത്രയും വേഗം പൂർത്തിയാക്കുക എന്നതും കാര്യങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുക എന്നതുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പൊന്നാനി ഓഫീസ്’ എന്ന പേരിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. വീടിനോട് ചേർന്നാണ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, അത് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.
ഓഫീസ് പ്രവർത്തനങ്ങൾക്കായി റെയിൽവേയിൽ നിന്ന് വിരമിച്ച ഏകദേശം 12 ജീവനക്കാരെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിലവിൽ വിദേശത്താണെന്നും, അദ്ദേഹം മടങ്ങിയെത്തിയതിന് ശേഷം ഡിപിആർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. അതേസമയം, ഡിപിആർ തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
