ശബരിമല സ്വർണക്കൊള്ള കേസിൽ പുതിയ വഴിത്തിരിവായി നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്തുന്നതിനായി അടുത്ത ആഴ്ച ഹാജരാകാനാണ് ഇഡി നിർദ്ദേശിച്ചിരിക്കുന്നത്. സ്വർണക്കൊള്ളയിലൂടെ പ്രതികൾ സമ്പാദിച്ച പണം എങ്ങനെ വിനിയോഗിക്കപ്പെട്ടു എന്നതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി.
ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പുനർനിർമ്മിക്കുന്ന സമയത്ത്, ഇവ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോയി ഉണ്ണികൃഷ്ണൻ പോറ്റി പൂജകൾ നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിലെത്തിച്ച് പൂജ നടത്തിയാൽ ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസം സൃഷ്ടിച്ച് പ്രതി പലരിൽ നിന്നും പണം കൈപ്പറ്റിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ചെന്നൈയിലെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ, ശബരിമലയിലെ ഈ വസ്തുക്കൾ തന്റെ വീട്ടിൽ കൊണ്ടുവന്ന് പൂജ നടത്തിയതായി ജയറാം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
നിലവിൽ എസ്‌ഐടിയുടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഒൻപത് പേരടക്കം ആകെ 12 പേർക്കാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോയെന്നും, ഇതിലൂടെ നിയമവിരുദ്ധമായ പണമിടപാടുകൾ നടന്നിട്ടുണ്ടോയെന്നും ആണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.
