പ്രധാനമന്ത്രി എത്രയധികം തമിഴ്‌നാട് സന്ദർശിക്കുന്നുവോ അത്രത്തോളം വലിയ പരാജയമായിരിക്കും എൻഡിഎ സഖ്യത്തെ കാത്തിരിക്കുന്നത്: എംകെ സ്റ്റാലിൻ

ഏപ്രിൽ/മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് നടത്തുന്ന ആവർത്തിച്ചുള്ള സന്ദർശനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരോപിച്ചു. പ്രധാനമന്ത്രി എത്രയധികം തമിഴ്‌നാട് സന്ദർശിക്കുന്നുവോ അത്രത്തോളം വലിയ പരാജയമായിരിക്കും എൻഡിഎ സഖ്യത്തെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

മോദിയുടെ സ്ഥിരം സന്ദർശനം ബിജെപി സഖ്യകക്ഷികളിൽ പോലും ആശങ്കയുണ്ടാക്കുന്നതായും, നിലവിലെ സഖ്യ സമവാക്യങ്ങൾ ഇത് തകിടം മറിക്കാനിടയുണ്ടെന്നും സ്റ്റാലിൻ അവകാശപ്പെട്ടു. മധുരയിലെ വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തുന്ന സാഹചര്യത്തിലാണ് സ്റ്റാലിന്റെ ഈ പ്രതികരണം.

തമിഴ്‌നാടിന്റെ വികസന കാര്യത്തിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഗുജറാത്ത് മെട്രോ പോലുള്ള പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകുമ്പോൾ, കേന്ദ്ര ബജറ്റിൽ തമിഴ്‌നാടിനായി ഗണ്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ജനങ്ങൾക്കായി അഹോരാത്രം പ്രവർത്തിക്കുമ്പോൾ ചില നേതാക്കൾ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രത്യക്ഷപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ചെയ്തവർക്കും ചെയ്യാത്തവർക്കും ഒരുപോലെ സേവനം ചെയ്യാനാണ് തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, കേന്ദ്രത്തിന്റെ അവഗണന ജനങ്ങൾ വ്യക്തമായി തിരിച്ചറിയുന്നുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക