ഇതുപോലെ അമേരിക്കൻ വിദേശനയത്തിന് വിധേയമായ നിലപാട് ഇന്ത്യ ഒരിക്കലും സ്വീകരിച്ചിരുന്നില്ല; കേന്ദ്രത്തിനെതിരെ ജോൺ ബ്രിട്ടാസ്

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ഇറാനെതിരായ അമേരിക്ക–ഇസ്രായേൽ നടപടികളിൽ ഇന്ത്യയുടെ മൗനം ചോദ്യം ചെയ്ത് സിപിഐ(എം) എംപിയും വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ ജോൺ ബ്രിട്ടാസ് രംഗത്ത്. , ഇറാനെതിരായ അമേരിക്കൻ- ഇസ്രായേൽ സംയുക്ത നടപടികളെയും ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിക്കെതിരായ ആക്രമണത്തെയും ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ലെന്ന് വിമർശിച്ചു.

ഓണലൈൻ മാധ്യമമായ ദി വയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്. വിഷയത്തിൽ പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ മൗനം “രാജ്യത്തിനുള്ള അപമാനം” ആണെന്ന് ബ്രിട്ടാസ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം അവിടെയുള്ള ഇന്ത്യൻ പ്രവാസികളുടെ ജീവിതത്തെയും ഉപജീവനമാർഗ്ഗത്തെയും ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഇത് ഇന്ത്യയ്ക്ക് അപമാനമാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതുപോലൊരു വിട്ടുവീഴ്ച ഉണ്ടായിട്ടില്ല. അമേരിക്കൻ വിദേശനയത്തിന് വിധേയമായ നിലപാട് ഇന്ത്യ ഒരിക്കലും സ്വീകരിച്ചിരുന്നില്ല,” എന്നാണ് ബ്രിട്ടാസ് പറഞ്ഞത്.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. തുടർന്ന് പ്രധാനമന്ത്രി മോദി പശ്ചിമേഷ്യയിലെ വിവിധ നേതാക്കളുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായും അദ്ദേഹം സംസാരിച്ചിരുന്നു.

ഇറാനെതിരായ നടപടിക്ക് തൊട്ടുമുമ്പ് മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന്റെ സമയത്തെയും ബ്രിട്ടാസ് ചോദ്യം ചെയ്തു. അമേരിക്കയും ഇസ്രായേലും ഏകപക്ഷീയമായി നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സർക്കാരിന്റെ മൗനം രാജ്യത്താകെ വേദനയും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ വിഷയത്തിൽ സർക്കാരിൽ നിന്ന് വിശദീകരണവും സമഗ്രമായ ചർച്ചയും ആവശ്യപ്പെടുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതായി ബ്രിട്ടാസ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക