അടുത്തിടെ ശരീരഭാരം ഗണ്യമായി കുറച്ചത് ആരാധകരെ അമ്പരപ്പിച്ചതിനെക്കുറിച്ച് നടി ഖുശ്ബു തുറന്ന് പറഞ്ഞു. ഒരുകാലത്ത് തന്റെ ഭാരം 98 കിലോവരെ എത്തിയിരുന്നുവെന്നും നാല് വർഷം എടുത്താണ് അത് കുറച്ചതെന്നും നടി വ്യക്തമാക്കി. 55 വയസ്സായിട്ടും തനിക്ക് ബിപിയോ ഷുഗറോ ഇല്ലെന്നും ഖുശ്ബു പറഞ്ഞു. സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
“എന്റെ പ്രായത്തിന് അനുയോജ്യമായൊരു മാറ്റമാണ് ഇത്. എനിക്ക് 55 വയസ്സായി. ഈ പ്രായത്തിലും എനിക്ക് ബിപി ഇല്ല, ഷുഗർ ഇല്ല. അത് രണ്ടും ഒരിക്കലും വരാൻ പാടില്ല; അത് ഒരു ടൈം ബോംബ് പോലെയാണ്. എന്റെ അമ്മയ്ക്ക് ഹൈബിപിയുണ്ടായിരുന്നു, അതുകൊണ്ട് തന്നെ എനിക്കും അതിന് സാധ്യത കൂടുതലാണ്. അതിനാലാണ് വളരെ പ്ലാൻ ചെയ്ത് ഭാരം കുറച്ചത്,” ഖുശ്ബു പറഞ്ഞു.
മൈഗ്രെയ്നും സൈനസും പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അമ്മയ്ക്ക് ഉണ്ടായിരുന്നുവെന്നും അതിനപ്പുറം ബിപിയും ഷുഗറും പോലുള്ള പ്രശ്നങ്ങൾ താങ്ങാൻ കഴിയില്ലെന്നും നടി വ്യക്തമാക്കി. “അൽപ്പം ആരോഗ്യത്തോടെ ജീവിക്കണമെന്നതാണ് എന്റെ ആഗ്രഹം. ‘അണ്ണാത്തെ’ സിനിമ ചെയ്യുമ്പോൾ ഞാൻ ഏകദേശം സെഞ്ച്വറി അടിക്കാനുള്ള ഭാരം ഉണ്ടായിരുന്നു. 98 കിലോവരെ എത്തിയിരുന്നു,” എന്നും അവർ പറഞ്ഞു.
വലിയ വീട്ടിൽ മേലും താഴെയും കയറിറങ്ങുമ്പോൾ മുട്ടുവേദനയും കിതപ്പും അനുഭവപ്പെട്ടിരുന്നുവെന്നും ഏതെങ്കിലും ചടങ്ങിൽ പോയാൽ തന്നെ കണ്ടപ്പോൾ പേടി തോന്നുന്ന തരത്തിൽ വണ്ണം കൂടിയിരുന്നുവെന്നും ഖുശ്ബു പറഞ്ഞു. “ഡോക്ടർ പറഞ്ഞു, ബിപിയും ഷുഗറും വരാതിരിക്കണമെങ്കിൽ ഭാരം കുറയ്ക്കണം എന്ന്. കോവിഡ് കാലത്താണ് ഞാൻ തടി കുറയ്ക്കാൻ തുടങ്ങിയത്. നാല് വർഷം കൊണ്ടാണ് ഈ രൂപത്തിലേക്ക് മാറിയത്. എന്നെ ഇഷ്ടപ്പെടുന്ന ആരാധകരോട് ആരോഗ്യത്തോടെ ഇരിക്കൂ എന്നാണ് പറയാനുള്ളത്,” ഖുശ്ബു കൂട്ടിച്ചേർത്തു.
