മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് നേതാവ് എം,ഈനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. തെലങ്കാനയിലെ ഒരു ക്രിമിനൽ കേസ് നാമനിർദ്ദേശ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയില്ലെന്ന കാരണത്താലാണ് അവരുടെ സ്ഥാനാർഥിത്വം നിരസിക്കപ്പെട്ടത്.
ഒരു റിട്ടേണിംഗ് ഓഫീസർ നാമനിർദ്ദേശം തള്ളിയ ശേഷം സ്ഥാനാർഥിക്ക് ലഭ്യമായ നിയമപരമായ മാർഗം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അതിനാൽ, ഹർജിയിൽ നേരിട്ട് ഇടപെടാൻ കോടതി തയ്യാറായില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും സമീപിക്കാൻ ഹർജിക്കാരിക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
മീനാക്ഷി നടരാജനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി , നാമനിർദ്ദേശം തള്ളിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് വാദിച്ചു. തിരഞ്ഞെടുപ്പ് നിയമപ്രകാരം വെളിപ്പെടുത്തേണ്ട കേസുകളുടെ പരിധിയിൽ പരാമർശിക്കപ്പെട്ട തെലങ്കാന കേസ് വരില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
ജനപ്രാതിനിധ്യ നിയമവും ഫോം-26 സത്യവാങ്മൂല വ്യവസ്ഥകളും അനുസരിച്ച്, കുറ്റപത്രം സമർപ്പിക്കപ്പെട്ട കേസുകളോ കോടതി കുറ്റകൃത്യം പരിഗണിച്ച കേസുകളോ മാത്രമേ വെളിപ്പെടുത്തേണ്ടതുള്ളൂവെന്ന് സിംഗ്വി ചൂണ്ടിക്കാട്ടി. എന്നാൽ നിലവിലെ കേസിൽ അത്തരം സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാന കേസിൽ സ്വകാര്യ പരാതി മാത്രമാണ് നിലവിലുള്ളതെന്നും കോടതി ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സിംഗ്വി കോടതിയെ അറിയിച്ചു. കൂടാതെ, പരാതിയിൽ പരാമർശിക്കുന്ന സംഭവം നടരാജനെ തെലങ്കാനയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവായി നിയമിക്കുന്നതിന് വർഷങ്ങൾക്കുമുമ്പ് നടന്നതാണെന്നും അദ്ദേഹം വാദിച്ചു. എന്നിരുന്നാലും, തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള പരിഹാര മാർഗങ്ങൾ ആദ്യം ഉപയോഗിക്കണമെന്ന നിലപാടിലാണ് സുപ്രീം കോടതി ഉറച്ചുനിന്നത്.
ഇതിനിടെ, മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപിയും തമ്മിൽ രാഷ്ട്രീയ വിവാദം ശക്തമായിരുന്നു. നടരാജന്റെ നാമനിർദ്ദേശം തള്ളിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ക്രമക്കേടുണ്ടെന്ന ആരോപണം കോൺഗ്രസ് ഉയർത്തിയിരുന്നു.
സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതോടെ ബിജെപിയുടെ മൂന്ന് സ്ഥാനാർഥികളും എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
