മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പുറത്താക്കപ്പെട്ട സംഭവത്തിന് പിന്നിൽ അമേരിക്കയുടെ പങ്കുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട രഹസ്യ നയതന്ത്ര രേഖകൾ ചോർന്നതായി റിപ്പോർട്ട്. അമേരിക്കൻ അന്വേഷണ മാധ്യമമായ ഡ്രോപ്പ് സൈറ്റ് ഈ കേബിളുകളുടെ പൂർണ്ണരൂപം പുറത്തുവിട്ടതോടെയാണ് വിവാദം ശക്തമായത്.
2022 മാർച്ചിൽ, ഇമ്രാൻ ഖാൻ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുന്നതിന് ഏകദേശം ഒരു മാസം മുമ്പ് നടന്ന ചർച്ചകളാണ് കേബിളുകളിൽ ഉള്ളത്. അന്നത്തെ യുഎസ് ഉദ്യോഗസ്ഥൻ ഡൊണാൾഡ് ലുവും യുഎസിലെ പാകിസ്ഥാൻ അംബാസഡർ അസദ് മജീദ് ഖാനും തമ്മിലുള്ള സംഭാഷണങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഉക്രെയ്ൻ വിഷയത്തിൽ പാകിസ്ഥാന്റെ നിഷ്പക്ഷ നിലപാടിനെ യുഎസ് വിമർശിച്ചിരുന്നുവെന്നും, ഇമ്രാൻ ഖാന്റെ റഷ്യ സന്ദർശനം അമേരിക്ക ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നുവെന്നും കേബിളുകൾ വ്യക്തമാക്കുന്നു. വിശ്വാസ വോട്ടെടുപ്പ് പാസായാൽ “വാഷിംഗ്ടൺ എല്ലാം മറക്കും” എന്ന തരത്തിലുള്ള പരാമർശങ്ങളും കേബിളുകളിൽ ഉള്ളതായി റിപ്പോർട്ടുണ്ട്.
അതേസമയം, റഷ്യ സന്ദർശനം ഉക്രെയ്ൻ യുദ്ധത്തെ പിന്തുണയ്ക്കുന്നതല്ലെന്നും, അത് ഇരുരാജ്യങ്ങളുമായുള്ള ദ്വൈപക്ഷിക ബന്ധത്തിനായിരുന്നെന്നും പാകിസ്ഥാൻ അംബാസഡർ വിശദീകരിക്കാൻ ശ്രമിച്ചുവെന്ന് രേഖകളിൽ പറയുന്നു. വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളും സംഭാഷണത്തിൽ ചർച്ചയായതായി സൂചനയുണ്ട്.
ഇമ്രാൻ ഖാനെ പുറത്താക്കാൻ യുഎസ് ഗൂഢാലോചന നടത്തിയെന്ന ആരോപണം നേരത്തെ തന്നെ അദ്ദേഹം ഉയർത്തിയിരുന്നെങ്കിലും അമേരിക്ക ഇത് നിഷേധിച്ചിരുന്നു. നിലവിൽ ഇമ്രാൻ ഖാൻ അഡിയാല ജയിലിൽ കഴിയുകയാണ്.
