യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ പെൻഷൻ വിതരണം എന്നന്നേക്കുമായി മുടങ്ങും: എം സ്വരാജ്

തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ഇരുപത് മാസമായി പെൻഷൻ വിതരണം മുടങ്ങിയിരിക്കുകയാണെന്ന് എം. സ്വരാജ് ആരോപിച്ചു. പത്തനംതിട്ടയിൽ ആരോഗ്യ മന്ത്രിയും ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ എത്തി ഇടത് സർക്കാരിനെ വിമർശിച്ച തെലങ്കാന മുഖ്യമന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങിയിരിക്കുകയാണെന്നും സ്വരാജ് പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിലും പെൻഷൻ വിതരണം നിലയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു .

കേരളത്തിന്റെ ആരോഗ്യ രംഗം ലോകോത്തര നിലവാരമുള്ളതാണെന്നും, ഇന്ത്യയിൽ ആദ്യമായി സർക്കാർ ജില്ലാ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ശിശുമരണ നിരക്കിൽ അമേരിക്കയെക്കാൾ മുന്നിലാണ് കേരളമെന്നും, ഈ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് വീണാ ജോർജെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

ഇതിനിടെ, ഈ നേട്ടങ്ങളെ കുറിച്ച് വ്യാജപ്രചരണം നടത്തുകയാണ് എതിരാളികളെന്നും അദ്ദേഹം ആരോപിച്ചു. മെഡിക്കൽ അനാസ്ഥ ആരോപണങ്ങൾ ഉയർത്തി മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതായി പറഞ്ഞ സ്വരാജ്, വകുപ്പ് മന്ത്രിയായ വീണാ ജോർജ് ചികിത്സ നടത്തുന്നതല്ലെന്നും ചൂണ്ടിക്കാട്ടി. യുഡിഎഫുമായി ബന്ധപ്പെട്ട ചിലർ മന്ത്രിക്കെതിരെ അക്രമ ശ്രമം നടത്തുകയാണെന്നും, ഇത്തരം പ്രവർത്തനങ്ങൾ അപലപനീയമാണെന്നും അദ്ദേഹം വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക