അമേരിക്കയുമായി രണ്ടാഴ്ചത്തേക്കുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചതിന് പിന്നാലെ, ഇറാനിലെ പരമോന്നത നേതാവായ മുജ്തബ ഖമേനി എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും വെടിവയ്പ് നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
“ഇത് യുദ്ധത്തിന്റെ അവസാനമല്ല. എന്നിരുന്നാലും, എല്ലാ സൈനിക യൂണിറ്റുകളും പരമോന്നത നേതാവിന്റെ നിര്‍ദ്ദേശം അനുസരിച്ച് വെടിനിര്‍ത്തണം,” എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. യുഎസോ ഇസ്രയേലോ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍, ശക്തമായി പ്രതികരിക്കുമെന്നും ഇറാന് മുന്നറിയിപ്പ് നല്കി. “ഞങ്ങളുടെ കൈകള്‍ ട്രിഗറില്‍ തന്നെ തുടരും; ശത്രുവില്‍നിന്ന് ചെറിയൊരു പിഴവുണ്ടായാലും അതിനെ പൂര്‍ണ ശക്തിയോടെ നേരിടും,” എന്നാണ് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വ്യക്തമാക്കിയത്.
യുദ്ധത്തില്‍ മിക്ക ലക്ഷ്യങ്ങളും കൈവരിച്ചതായും, ശത്രുവിനെ ചരിത്രപരമായ പരാജയത്തിലേക്ക് തള്ളിയിട്ടതായും കൗണ്‍സില്‍ അവകാശപ്പെട്ടു. ഇറാനിലെ ജനങ്ങളുടെ ത്യാഗങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തി.
ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 39 ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ പല രാജ്യങ്ങളിലായി നിരവധി ആളുകള്‍ കൊല്ലപ്പെട്ടു.
ഇതിനിടെ, വെടിനിര്‍ത്തലിനായി യുഎസ് 15 നിര്‍ദ്ദേശങ്ങള്‍ ഇറാനിലേക്ക് നല്‍കിയിരുന്നു. മറുപടിയായി ഇറാന് 10 ഇനങ്ങളുള്ള പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. പ്രധാനമായുള്ള ചില നിര്‍ദ്ദേശങ്ങള്‍:
ഹോര്‍മുസ് കടലിടുക്കിലൂടെ നിയന്ത്രിത ഗതാഗതം ഉറപ്പാക്കല്‍
‘ആക്സിസ് ഓഫ് റെസിസ്റ്റന്‍സ്’ വിഭാഗങ്ങള്‍ക്കെതിരായ യുദ്ധം അവസാനിപ്പിക്കല്‍
മേഖലയില്‍നിന്ന് യുഎസ് സേന പിന്‍വലിക്കല്‍
സുരക്ഷിത ട്രാന്‍സിറ്റ് പ്രോട്ടോക്കോള്‍ നടപ്പാക്കല്‍
ഇറാനിന് ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണപരിഹാരം
എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യല്‍
വിദേശത്തുള്ള ഇറാന്റെ ആസ്തികള്‍ മോചിപ്പിക്കല്‍
യുഎന്‍ സുരക്ഷാ കൗണ്‍സിലിലൂടെ ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കല്‍
ഈ നിബന്ധനകള്‍ അംഗീകരിക്കപ്പെട്ടാല്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഇറാന് വ്യക്തമാക്കി.
