സംസ്ഥാനത്ത് ലോഡ്ഷെഡിങ് നടപ്പിലാക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വീണ്ടും വ്യക്തമാക്കി. നിലവിൽ കെഎസ്ഇബി നടപ്പാക്കുന്നത് ലോഡ്ഷെഡിങ് അല്ല, മറിച്ച് വൈദ്യുതി നിയന്ത്രണമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഓവർലോഡ് അനുഭവപ്പെടുന്ന പ്രദേശങ്ങളിലേ നിയന്ത്രണം ഉണ്ടാകൂ എന്നും മന്ത്രി ന്യൂസ് മലയാളത്തോട് അറിയിച്ചു.
ലോഡ്ഷെഡിങ് നടപ്പാക്കാൻ സർക്കാരിന്റെ അനുമതി അനിവാര്യമാണെന്നും, മഴ ലഭിക്കുകയും കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതി ലഭിക്കുകയും ചെയ്താൽ നിലവിലെ പ്രതിസന്ധി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. 15 മുതൽ 30 മിനിറ്റ് വരെ നിയന്ത്രണം തുടരുമെന്നാണ് ഉന്നതതല യോഗത്തിൽ തീരുമാനമായത്. വൈകിട്ട് 6 മുതൽ രാത്രി 12 വരെ അരമണിക്കൂറിൽ താഴെ സമയം വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും. നിലവിലെ സാഹചര്യം ഓരോ ദിവസവും ഉന്നതതല സംഘം വിലയിരുത്തും. വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലവാരത്തിലെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത്.
