നിസ്സാര രാഷ്ട്രീയം മാറ്റിവെക്കുക; തൃണമൂലിന്റെ തോൽവിയിൽ ആഹ്ലാദിക്കുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂൽ കോൺഗ്രസ് നേരിട്ട പരാജയത്തില്‍ സ്വന്തം പാര്‍ട്ടിയിലെയും മറ്റ് രാഷ്ട്രീയവൃത്തങ്ങളിലെയും ചിലര്‍ “ആഹ്ലാദിക്കുന്നത്” വിമര്‍ശിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.

ബംഗാളിലെയും അസമിലെയും ബിജെപി വിജയങ്ങളെ “ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ ജനവിധിയുടെ മോഷണം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

“കോണ്‍ഗ്രസിലെയും മറ്റും ചിലര്‍ ടിഎംസിയുടെ പരാജയത്തില്‍ സന്തോഷിക്കുന്നു. എന്നാല്‍ അവര്‍ മനസ്സിലാക്കേണ്ടത് അസമിലും ബംഗാളിലും നടന്നത് ജനവിധിയുടെ മോഷണമാണ്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ വലിയ നീക്കമാണ്,” ഗാന്ധി പറഞ്ഞു. “ചെറിയ രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ മാറ്റിവെക്കണം. ഇത് ഒരു പാര്‍ട്ടിയെക്കുറിച്ചല്ല, ഇന്ത്യയെക്കുറിച്ചാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പശ്ചിമ ബംഗാളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്. ഇതോടെ ഏകദേശം 15 വര്‍ഷമായി തുടര്‍ന്നുവന്ന ടിഎംസിയുടെ ഭരണത്തിന് വിരാമമാകും.

മുന്‍പ് ബംഗാളില്‍ “വോട്ട് മോഷണം” നടന്നുവെന്ന മുഖ്യമന്ത്രിയായ മമത ബാനർജിയുടെ ആരോപണത്തോടും രാഹുൽ ഗാന്ധി യോജിപ്പ് പ്രകടിപ്പിച്ചു. “അസമിലും ബംഗാളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയോടെ ബിജെപി തെരഞ്ഞെടുപ്പ് മോഷ്ടിച്ചു. ബംഗാളില്‍ 100-ലധികം സീറ്റുകള്‍ കവര്‍ന്നെടുത്തു,” അദ്ദേഹം ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക