ഇറാനിൽ ബോംബിടാൻ ഇസ്രായേൽ ഇറാഖിലെ മരുഭൂമിയിൽ രഹസ്യ താവളം നിർമ്മിച്ചു; റിപ്പോർട്ട്

ഇറാനെതിരായ വ്യോമാക്രമണങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇസ്രായേൽ ഇറാഖിലെ മരുഭൂമിയിൽ രഹസ്യമായി സൈനിക ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചതായി റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണൽ യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവിട്ടത്. ഫെബ്രുവരി അവസാനം ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ സൈനിക നീക്കങ്ങൾക്ക് തൊട്ടുമുമ്പാണ് ഈ രഹസ്യ താവളം പ്രവർത്തനക്ഷമമായതെന്നാണ് റിപ്പോർട്ട്.

ഇറാനെതിരായ ദീർഘദൂര വ്യോമാക്രമണങ്ങൾക്ക് ആവശ്യമായ ലോജിസ്റ്റിക് പിന്തുണ നൽകുന്നതിനായാണ് സംവിധാനം രൂപീകരിച്ചതെന്ന് പറയുന്നു. ഇസ്രായേലി പ്രത്യേക സേനയെ പാർപ്പിക്കാനും, വ്യോമസേനയുടെ ലോജിസ്റ്റിക് കേന്ദ്രമായി പ്രവർത്തിക്കാനും, പൈലറ്റുമാർക്ക് അടിയന്തര രക്ഷാപ്രവർത്തന സഹായം നൽകാനും ഈ താവളം ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. യുഎസ് അധികൃതർക്ക് ഈ സംവിധാനം സംബന്ധിച്ച് അറിവുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

മാർച്ച് ആദ്യത്തോടെ പ്രദേശത്ത് “അസാധാരണ സൈനിക പ്രവർത്തനങ്ങൾ” ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രാദേശിക ഇടയന്മാർ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയാൻ തുടങ്ങിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തുടർന്ന് ഇറാഖി സൈന്യം സ്ഥലത്ത് പരിശോധനയ്ക്ക് നീങ്ങിയപ്പോൾ വെടിവയ്പ്പ് ഉണ്ടായതായും ഒരു സൈനികൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും പറയുന്നു.

ഇറാഖി സുരക്ഷാ സേന ആദ്യം അമേരിക്കയെ സംശയിച്ചെങ്കിലും പിന്നീട് വിദേശ സൈനികരുടെ സാന്നിധ്യത്തിന് തെളിവുകൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു. ഇറാനിൽ നിന്ന് ഏകദേശം 1,600 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ രഹസ്യ താവളം ദീർഘദൂര ആക്രമണങ്ങൾക്ക് നിർണായകമായ സഹായം നൽകിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇസ്രായേൽ-അമേരിക്കൻ സർക്കാരുകളുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

മറുപടി രേഖപ്പെടുത്തുക