തമിഴ്നാട്ടിൽ രാഷ്ട്രീയ ചരിത്രമെഴുതി നടൻ വിജയ് നേതൃത്വം നൽകുന്നടിവികെ സർക്കാർ അധികാരത്തിലെത്തി. 55 വർഷങ്ങൾക്കുശേഷം കോൺഗ്രസിന് വീണ്ടും തമിഴ്നാട് സർക്കാരിന്റെ ഭാഗമായി മന്ത്രിസ്ഥാനം എന്നതാണ് പുതിയ രാഷ്ട്രീയ സാഹചര്യത്തിലെ പ്രധാന പ്രത്യേകത. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തൂക്കുസഭാ വിധി വന്നതിനെ തുടർന്നുണ്ടായ തിരഞ്ഞെടുപ്പിന് ശേഷമുള്ള അധികാരപങ്കിടൽ ധാരണയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ നൽകാൻ ടിവികെ നേതൃത്വം തീരുമാനിച്ചത്.
ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിജയ് ഇന്നലെ തമിഴ്നാട്ടിന്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ടിവികെ, 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നത്. എന്നാൽ ഭൂരിപക്ഷത്തിനാവശ്യമായ 118 സീറ്റുകൾ നേടാൻ പാർട്ടിക്കായില്ല.
തുടർന്ന് കോൺഗ്രസിന്റെയും മറ്റ് സമാനചിന്താഗതിക്കാരായ പാർട്ടികളുടെയും പിന്തുണ തേടിയാണ് വിജയ് സർക്കാർ രൂപീകരണ ശ്രമങ്ങൾ ആരംഭിച്ചത്.
ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോൺഗ്രസിന് അഞ്ച് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ , ന്യൂഡൽഹിയിൽ നടന്ന നിർണായക ചർച്ചകൾക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡ് ടിവികെയ്ക്ക് പിന്തുണ നൽകാൻ തീരുമാനിക്കുകയായിരുന്നു. സിപിഐ, സിപിഎം, ലീഗ്, വിസികെ എന്നിവയും ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് വിജയ് ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കി സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിച്ചത്.
