വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവിലേക്ക്; കോര്‍ കമ്മിറ്റിയില്‍ ധാരണ

വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവാകുമെന്ന് സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം രൂപപ്പെട്ടത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിനും കോര്‍ കമ്മിറ്റിയിലെ ഭൂരിപക്ഷ പിന്തുണക്കും പിന്നാലെയാണ് വി മുരളീധരന്റെ പേര് മുന്‍നിരയിലെത്തിയത്.

ആദ്യഘട്ടത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു സൂചനകള്‍. എന്നാല്‍, സംസ്ഥാന അധ്യക്ഷന്റെ ചുമതലയും ഒരേസമയം നിയമസഭാ കക്ഷി നേതൃസ്ഥാനവും ഒരാള്‍ക്ക് നല്‍കേണ്ടതില്ലെന്ന നിലപാടിനെ തുടര്‍ന്ന് അദ്ദേഹത്തെ പരിഗണിച്ചില്ലെന്നാണ് വിവരം.

മേയ് 16ന് രാവിലെ 10 മണിമുതല്‍ മാരാര്‍ജി ഭവനില്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗവും നടക്കും.

അതേസമയം, കോര്‍ കമ്മിറ്റി യോഗത്തില്‍ ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം മണ്ഡലങ്ങളില്‍ സജീവമാകുന്നത് പോരെന്ന വിലയിരുത്തലാണ് ഉയര്‍ന്നത്. സ്ഥിരമായി മണ്ഡലങ്ങളില്‍ ഇടപെട്ട നേതാക്കള്‍ക്കാണ് വിജയം ലഭിച്ചതെന്നും കഴക്കൂട്ടവും ചാത്തന്നൂരും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടുണ്ട്.

മണ്ഡലങ്ങള്‍ മാറിമാറി മത്സരിക്കുന്ന പ്രവണതയും തിരിച്ചടിയായതായി യോഗത്തില്‍ അഭിപ്രായപ്പെട്ടു. കൂടാതെ, സഭയെ വിമര്‍ശിച്ച പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ പി സി ജോര്‍ജ്, ഷോണ്‍ ജോര്‍ജ് എന്നിവര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ അനാവശ്യ സമയത്തുണ്ടായതാണെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

മറുപടി രേഖപ്പെടുത്തുക