താൻ നടത്തുന്ന തിരുവനന്തപുരം യാത്ര സ്വീകരണ പരിപാടിയല്ലെന്ന് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് മുൻപ് പിതാവിന്റെ കല്ലറ സന്ദർശിക്കാനാണ് എത്തിയതെന്നും, ഇതിനെ സ്വീകരണ യാത്രയായി ചിത്രീകരിക്കുന്നത് മാധ്യമങ്ങളുടെ തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെ സ്നേഹിക്കുന്നവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നും, നാളെ നടക്കുന്ന സത്യപ്രതിജ്ഞയിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നവരെ തടയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വാഹനം കടന്നുപോകുമ്പോൾ കാണാൻ എത്തുന്നവരെ അഭിവാദ്യം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾക്കൊപ്പം നിന്ന് ക്ഷേമപ്രവർത്തനങ്ങൾ നടത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും, അതിന് മന്ത്രിസ്ഥാനം അനിവാര്യമല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും സ്വാഗതം ചെയ്യുന്നതായും, തനിക്കെതിരെ യാതൊരു അന്യായവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“എനിക്ക് 53,000 വോട്ടുകൾ നൽകിയ ജനങ്ങൾ കല്ലറയിലേക്ക് തനിക്കൊപ്പം വരുന്നതിൽ തെറ്റൊന്നുമില്ല,” എന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
