മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതിനെതിരെ പ്രതികരിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ്‌നെ ലക്ഷ്യമിട്ടുള്ള വ്യക്തിപരമായ ആക്രമണങ്ങളെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അപലപിച്ചു. ചടങ്ങിൽ വന്ദേമാതരം മുഴുവനായും അവതരിപ്പിച്ചത് ഭരണഘടനാ മൂല്യങ്ങൾക്കും കേരളത്തിന്റെ മതേതര സ്വഭാവത്തിനും യോജിച്ചതല്ലെന്നാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ.
വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതവിശ്വാസത്തെ മാത്രം പ്രതിനിധീകരിക്കുന്നതിനാലാണ് 1937ൽ ഗാനത്തിന്റെ ഭാഗങ്ങൾ ഒഴിവാക്കിയതെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തവണ സത്യപ്രതിജ്ഞാ ചടങ്ങിൽ ഒഴിവാക്കിയിരുന്ന ഭാഗങ്ങൾ ഉൾപ്പെടെ ആലപിച്ചതാണ് വിവാദത്തിന് കാരണമായതെന്നും പ്രസ്താവനയിൽ പറയുന്നു.
ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയപ്പോഴും വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നില്ലെന്നും, എന്നാൽ കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയ ദിവസം അതാണ് നടന്നതെന്നുമാണ് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയതെന്ന് സിപിഐഎം വ്യക്തമാക്കി. വർഗീയ വിഭജനങ്ങൾക്ക് ഇടയാക്കുന്ന നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് റിയാസ് നൽകിയതെന്നും പാർട്ടി അഭിപ്രായപ്പെട്ടു.
വന്ദേമാതരം പൂർണമായി ആലപിച്ചതിനെ സംഘപരിവാർ സംഘടനകൾ സ്വാഗതം ചെയ്യുകയും, അതിനെ വിമർശിച്ച റിയാസിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും സിപിഐഎം ആരോപിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും ഒറ്റതിരിഞ്ഞാക്രമണങ്ങൾക്കും എതിരെ ശക്തമായി പ്രതികരിക്കുമെന്നും പാർട്ടി വ്യക്തമാക്കി.
വിഷയത്തിൽ സംസ്ഥാന സർക്കാരും കോൺഗ്രസ് നേതൃത്വവും വ്യക്തമായ നിലപാട് അറിയിക്കണമെന്നും, മതേതരത്വത്തെ ബാധിക്കുന്ന ഏത് നീക്കത്തെയും കേരളം പ്രതിരോധിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
