എറണാകുളം ജില്ലയിൽ പാരിയത്ത് കാവിൽ നടന്ന കുടിയൊഴിപ്പിക്കൽ നടപടി “കർണാടക മോഡൽ” ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. ജനങ്ങൾക്കൊപ്പം ചേർന്ന് സിപിഐഎം ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് ബലം പ്രയോഗിച്ചാണ് ഒഴിപ്പിക്കൽ ശ്രമം നടത്തിയതെന്നും, അതിനെതിരെ വലിയ ചെറുത്തുനിൽപ്പാണ് പ്രദേശത്ത് നടക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ബെംഗളൂരുവിന് സമീപം നടന്ന സംഭവങ്ങളെപ്പോലെ വലിയ തോതിലുള്ള കടന്നുകയറ്റമാണ് എറണാകുളത്തും നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
“ജനങ്ങൾ ശക്തമായി പ്രതിരോധിക്കും. ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരും. സിപിഐഎം ജനങ്ങൾക്കൊപ്പം ചേർന്ന് നിന്ന് സമരത്തിന് നേതൃത്വം നൽകും,” അദ്ദേഹം വ്യക്തമാക്കി.
കെ-റെയിൽ പദ്ധതിയെക്കുറിച്ചും എം വി ഗോവിന്ദൻ പ്രതികരിച്ചു. പദ്ധതി നേരത്തെ തന്നെ മുടങ്ങിയ നിലയിലായിരുന്നുവെന്നും, കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ അന്ന് ശക്തമായി എതിർത്ത പദ്ധതിയായിരുന്നു കെ-റെയിൽ എന്നും, കേരളത്തിന്റെ അടുത്ത 25 വർഷത്തെ വളർച്ച മുന്നിൽകണ്ട് രൂപകൽപ്പന ചെയ്ത വികസന പദ്ധതിയാണ് ഇപ്പോൾ നിലച്ചുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
