രാജ്യത്ത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ സ്ഥാപകൻ അഭിജീത് ദീപ്കെ നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടുന്നു. അമേരിക്കയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുന്ന നിമിഷം തന്നെ പോലീസ് തനിക്കെതിരെ നടപടി സ്വീകരിച്ച് തിഹാർ ജയിലിലേക്ക് കൊണ്ടുപോകുമെന്നാണ് താൻ കരുതുന്നതെന്ന് ബോസ്റ്റൺ സർവകലാശാലയിൽ പഠിക്കുന്ന അഭിജീത് ഒരു അഭിമുഖത്തിൽ പറഞ്ഞു.
തൊഴിലില്ലാത്ത യുവാക്കളെ “കോക്രോച്ച്” എന്ന് വിശേഷിപ്പിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിനെതിരായ പ്രതിഷേധമായാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ആക്ഷേപഹാസ്യ ഡിജിറ്റൽ പ്രസ്ഥാനം രൂപംകൊണ്ടത്. വെറും അഞ്ച് ദിവസത്തിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ 1.4 കോടിയിലധികം ഫോളോവേഴ്‌സിനെ സ്വന്തമാക്കി, ബിജെപിയുടെയും കോൺഗ്രസിന്റെയും ഔദ്യോഗിക അക്കൗണ്ടുകളെ പോലും പിന്തള്ളിയെന്നാണ് റിപ്പോർട്ടുകൾ.
പ്രതിപക്ഷ നേതാക്കളായ മഹുവ മൊയ്ത്രയും മനീഷ് സിസോഡിയയും ഉൾപ്പെടെ നിരവധി പേർ ഗൂഗിൾ ഫോമിലൂടെ ആരംഭിച്ച ഈ ഡിജിറ്റൽ പ്രസ്ഥാനത്തിൽ ചേർന്നിട്ടുണ്ട്. അതേസമയം, നിയമപരമായ ചില നടപടിക്രമങ്ങൾ കാരണം പാർട്ടിയുടെ ഇന്ത്യയിലെ ഔദ്യോഗിക എക്സ് അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചതായി സംഘടന അറിയിച്ചു.
ഫോളോവേഴ്‌സിന്റെ വർധനവ് മാത്രം തനിക്ക് സന്തോഷം നൽകുന്നില്ലെന്നും, തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച തുടങ്ങിയ യുവാക്കൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾക്ക് അതുകൊണ്ട് പരിഹാരമാകില്ലെന്നും അഭിജീത് പ്രതികരിച്ചു. കോടിക്കണക്കിന് ഫണ്ടിംഗ് ഇല്ലാതെയും മീമുകളും സോഷ്യൽ മീഡിയ ക്യാമ്പെയ്‌നുകളും മാത്രം ഉപയോഗിച്ച് ഡിജിറ്റൽ ലോകത്ത് വലിയ സ്വാധീനം സൃഷ്ടിക്കാനായതാണ് ഈ പ്രസ്ഥാനത്തിന്റെ പ്രത്യേകത.
