പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കിയ സുവേന്ദു സർക്കാരിന്റെ ഉത്തരവിനെതിരെ സിപിഐഎം ശക്തമായി രംഗത്ത്. മതം പരിഗണിച്ച് സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനത്തെയും പരാജയപ്പെടുത്തുമെന്നും മദ്രസകളിലും സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കിയത് ഭരണഘടനാവിരുദ്ധമാണെന്നും പാർട്ടി ആരോപിച്ചു.
കശാപ്പ് നിയന്ത്രണത്തിനായി കൊണ്ടുവന്ന പുതിയ ഉത്തരവിനെയും സിപിഐഎം ചോദ്യം ചെയ്തു. 1950ൽ പാസാക്കിയ കശാപ്പ് നിയന്ത്രണ നിയമം മുനിസിപ്പാലിറ്റികൾക്ക് മാത്രമാണ് ബാധകമെന്നും നിലവിലെ നടപടിയിൽ ഹിന്ദു വിഭാഗത്തിൽപ്പെട്ട കന്നുകാലി വ്യാപാരികൾക്കുപോലും ആശങ്കയുണ്ടെന്നും സിപിഐഎം മുൻ എംപി ബികാശ് രഞ്ജൻ ഭട്ടാചാര്യ പറഞ്ഞു. വിഷയത്തിൽ നടപടി ചോദ്യം ചെയ്ത് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സ്കൂൾ അസംബ്ലികളിൽ വന്ദേമാതരം നിർബന്ധമാക്കുന്ന നടപടി ആരംഭിച്ചത്. തുടർന്ന് മദ്രസകളിലും വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിർദ്ദേശം സർക്കാർ പുറത്തിറക്കി.
ന്യൂനപക്ഷ-മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ അംഗീകൃത മദ്രസകൾക്കും ഈ ഉത്തരവ് ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഡയറക്ട്രേറ്റ് ഓഫ് മദ്രസാസ് പുറത്തിറക്കിയ നിർദ്ദേശപ്രകാരം അസംബ്ലികളിൽ വന്ദേമാതരം ആലപിക്കൽ നിർബന്ധമാക്കാനാണ് തീരുമാനം.
