ഞായറാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. രാവിലെ 6:40-ഓടെ ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നിലെത്തിയ അദ്ദേഹം, റവന്യൂ മന്ത്രി എ.പി. അനിൽ കുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. വധൂവരന്മാരെ ആശീർവദിച്ച് കുറച്ചുസമയം അവർക്കൊപ്പം ചെലവഴിച്ച ശേഷമാണ് 6:50-ഓടെ അദ്ദേഹം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്.
കിഴക്കേ ഗോപുര കവാടത്തിലൂടെ കസവു വേഷ്ടിയണിഞ്ഞ് ക്ഷേത്രത്തിനകത്ത് കടന്ന മുഖ്യമന്ത്രി, ശീവേലി സമയത്ത് സോപാനത്തിന് മുൻപിൽ വെണ്ണയും കദളിപ്പഴവും സമർപ്പിച്ച് പ്രാർത്ഥിച്ചു. മേൽശാന്തിയിൽ നിന്ന് പ്രസാദം സ്വീകരിച്ച അദ്ദേഹം വെണ്ണയും തീർത്ഥവും കൊണ്ടുള്ള തുലാഭാരവും വഴിപാടായി നടത്തി. തുടർന്ന് കിഴക്കേ നടയിലെ ഗണപതിക്ക് നാളികേരമുടച്ച് പ്രാർത്ഥിച്ച ശേഷമാണ് മടങ്ങിയത്.
കെ. കരുണാകരനു ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന പ്രത്യേകതയും വി.ഡി. സതീശന്റെ സന്ദർശനത്തിനുണ്ട്. ശ്രീവത്സത്തിൽ കളക്ടർ ശിഖ സുരേന്ദ്രൻ, ദേവസ്വം ചെയർമാൻ വി.കെ. ഗോപിനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺ കുമാർ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
ക്ഷേത്രത്തിനകത്തും പുറത്തും തടിച്ചുകൂടിയ ഭക്തജനങ്ങൾ ആർപ്പുവിളികളോടെയും കരഘോഷത്തോടെയും മുഖ്യമന്ത്രിയോടുള്ള സ്നേഹം പ്രകടിപ്പിച്ചു.
