മാതൃത്വത്തെ പ്രൊഫഷണൽ അവസരങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള കാരണമായി കാണാനാകില്ലെന്ന് നിരീക്ഷിച്ച്, ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് 2026 സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് മെയ് 30, 31 തീയതികളിൽ നടക്കുന്ന ട്രയൽസിൽ ഫോഗട്ടിന് പങ്കെടുക്കാൻ അവസരം നൽകണമെന്ന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) യോട് നിർദ്ദേശിച്ചത്. ട്രയൽസ് മുഴുവൻ വീഡിയോയിൽ രേഖപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
“മാതൃത്വം ജീവിതത്തിന്റെ സ്വാഭാവികവും ആഴത്തിലുള്ളതുമായ ഭാഗമാണ്. അത് സ്ഥാപനപരമായ വിവേചനത്തിന് കാരണമാകരുത്. അതിനാൽ വനിതാ അത്ലറ്റുകളെ ഒഴിവാക്കാനുള്ള മാനദണ്ഡമായി മാതൃത്വം മാറരുത്,” എന്ന് കോടതി വ്യക്തമാക്കി.
WFIയുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും 2025-2026 കാലയളവിലെ ആഭ്യന്തര മത്സരങ്ങളിലെ പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ട്രയൽ പ്രവേശന നിയന്ത്രണങ്ങളും ചോദ്യം ചെയ്താണ് വിനേഷ് ഫോഗട്ട് കോടതിയെ സമീപിച്ചത്. ഈ നയം പ്രഥമദൃഷ്ട്യാ ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
ഫോഗട്ടിന്റെ പ്രസവാനന്തര വിശ്രമകാലവും പുനരധിവാസ കാലവും പരിഗണിക്കാതെയാണ് യോഗ്യതാ മാനദണ്ഡങ്ങൾ രൂപപ്പെടുത്തിയതെന്നും അത് നയപരമായ അപാകതയാണെന്നും കോടതി നിരീക്ഷിച്ചു.
