ഒരു വശത്ത് വിലക്കയറ്റം; മറുവശത്ത് ക്ഷാമം ഉണ്ടാകുമോ എന്ന ഭയം; ഇന്ധനത്തിന്റെ കാര്യത്തിൽ എന്താണ് സത്യം?

രാജ്യത്ത് പെട്രോളിനും ഡീസലിനും ക്ഷാമമില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) വ്യക്തമാക്കി. ചില റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ കാണുന്ന ഇന്ധന ലഭ്യതക്കുറവ് പ്രാദേശികവും താൽക്കാലികവുമായ പ്രശ്നങ്ങളാണെന്നും കമ്പനി അറിയിച്ചു.

രാജ്യവ്യാപകമായി ഇന്ധനക്ഷാമം ഉണ്ടെന്ന പ്രചാരണങ്ങളിൽ സത്യമില്ലെന്നും ഐഒസി പ്രസ്താവനയിൽ പറഞ്ഞു. ചില പ്രദേശങ്ങളിൽ ആവശ്യവും വിതരണവും തമ്മിലുള്ള വ്യത്യാസമാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചതെന്ന് കമ്പനി വിശദീകരിച്ചു.

വിളവെടുപ്പ് സീസണായതിനാൽ ഡീസൽ ഉപഭോഗം വർധിച്ചതും, കുറഞ്ഞ വില കാരണം പൊതുമേഖലാ പമ്പുകളിലേക്ക് ഉപഭോക്താക്കളുടെ തിരക്ക് കൂടുന്നതും ചില കേന്ദ്രങ്ങളിൽ ഡിമാൻഡ് പെട്ടെന്ന് ഉയരാൻ കാരണമായതായി ഐഒസി ചൂണ്ടിക്കാട്ടി. പൊതുമേഖലാ പമ്പുകളിൽ സ്ഥാപനപരമായ വാങ്ങലുകൾ കൂടുതലായി നടക്കുന്നതും സമ്മർദ്ദം വർധിപ്പിക്കുന്നതായി അവർ പറഞ്ഞു.

രാജ്യത്തുടനീളമുള്ള 42,000-ത്തിലധികം പമ്പുകളിൽ വളരെ ചെറിയ ശതമാനത്തിലാണ് വിതരണ തടസ്സങ്ങൾ ഉണ്ടായിട്ടുള്ളതെന്നും ഭൂരിഭാഗം സ്റ്റേഷനുകളിലും സ്റ്റോക്ക് സാധാരണമാണെന്നും കമ്പനി വ്യക്തമാക്കി. വിതരണം തടസ്സമില്ലാതെ തുടരാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഐഒസി അറിയിച്ചു.

അതേസമയം, ഇന്ധനവില വീണ്ടും ഉയർന്നതായി എണ്ണ വിപണന കമ്പനികൾ അറിയിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വില വർധിക്കുന്നത്. പുതിയ വർധനവോടെ പെട്രോളിന് ലിറ്ററിന് 0.87 രൂപയും ഡീസലിന് 0.91 രൂപയും വർധിച്ചു.

അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ഉയരുന്നതും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും കാരണം വില പരിഷ്കരണം അനിവാര്യമാണെന്ന് കമ്പനികൾ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക