ബിജെപിയുടെ തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോ അല്ല, മറിച്ച് കോൺഗ്രസ് പാർട്ടിയാണെന്ന് തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. ചെന്നൈയിലെ അണ്ണാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നടന്ന ഡിഎംകെ യുവജന വിഭാഗം യോഗത്തിലാണ് അദ്ദേഹം കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്.
മുൻപ് ബിജെപിയുടെ വിജയങ്ങൾക്ക് കാരണം മോദിയുടെയും അമിത് ഷായുടെയും നേതൃത്വമാണെന്ന് കരുതിയിരുന്നെങ്കിലും, ഇപ്പോൾ അതിന് പിന്നിലെ യഥാർത്ഥ കാരണം കോൺഗ്രസാണെന്ന് താൻ തിരിച്ചറിഞ്ഞുവെന്ന് ഉദയനിധി പറഞ്ഞു. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കരുതെന്നും അവരുമായി അകലം പാലിക്കണമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെയുമായുള്ള ബന്ധം അവസാനിപ്പിച്ച് ടിവികെ പാർട്ടിക്ക് കോൺഗ്രസ് സോപാധിക പിന്തുണ പ്രഖ്യാപിച്ചതാണ് ഡിഎംകെ യുവജന വിഭാഗത്തിന്റെ പ്രതിഷേധത്തിന് വഴിവെച്ചത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ 59 സീറ്റുകളും കോൺഗ്രസ് 5 സീറ്റുകളും നേടിയിരുന്നു.
ഡിഎംകെ പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് കോൺഗ്രസ് ഈ വിജയങ്ങൾ സ്വന്തമാക്കിയതെന്നും, എന്നാൽ പിന്നീട് നന്ദികേട് കാണിച്ച് കോൺഗ്രസ് പാർട്ടി തങ്ങളെ വഞ്ചിച്ചുവെന്നുമാണ് യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആരോപിച്ചത്.
