പ്ലസ് വൺ പ്രവേശനം: സംസ്ഥാനത്ത് 78,000ത്തിലധികം അധിക സീറ്റുകൾ; താൽക്കാലിക ബാച്ചുകളും അനുവദിച്ച് സർക്കാർ

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ 2026–27 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമായി സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. താൽക്കാലിക ബാച്ചുകൾ തുടരുന്നതിനും മാർജിനൽ സീറ്റ് വർധനവിനും അനുമതി നൽകിയതോടെ അടിസ്ഥാന സീറ്റുകൾക്ക് പുറമേ ആയിരക്കണക്കിന് അധിക സീറ്റുകൾ ലഭ്യമാകും.

മാർജിനൽ സീറ്റ് വർധനവിലൂടെ സംസ്ഥാനത്ത് ആകെ 62,540 സീറ്റുകളും താൽക്കാലിക ബാച്ചുകളിലായി 15,650 സീറ്റുകളും പുതുതായി ലഭിക്കും. ഇതോടെ പ്ലസ് വൺ പ്രവേശനത്തിന് 78,000ത്തിലധികം അധിക സീറ്റുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആദ്യ അലോട്ട്‌മെന്റിൽ തന്നെ ഈ സീറ്റുകളിലേക്കുള്ള പ്രവേശനം നടക്കും.

2021, 2023, 2024 വർഷങ്ങളിലായി അനുവദിച്ച 314 താൽക്കാലിക ബാച്ചുകളിൽ 313 ബാച്ചുകൾ തുടരാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ സീറ്റുകൾ മലപ്പുറം ജില്ലയ്ക്കാണ്. 202 ബാച്ചുകളിലായി 10,100 സീറ്റുകളാണ് മലപ്പുറത്ത് അനുവദിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ കൊല്ലം – 50, തൃശൂർ – 200, പാലക്കാട് – 850, കോഴിക്കോട് – 1500, വയനാട് – 400, കണ്ണൂർ – 950, കാസർകോട് – 1600 എന്നിങ്ങനെയാണ് താൽക്കാലിക സീറ്റുകൾ അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർധനവിനും എയ്‌ഡഡ് സ്കൂളുകളിൽ 20 ശതമാനം വർധനവിനും അനുമതി നൽകി. കൂടാതെ ആവശ്യപ്പെടുന്ന എയ്‌ഡഡ് സ്കൂളുകൾക്ക് 10 ശതമാനം അധിക മാർജിനൽ സീറ്റ് വർധനവും അനുവദിക്കും.

കൊല്ലം, തൃശൂർ ജില്ലകളിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ ഒഴികെയുള്ള താലൂക്കുകളിലും സർക്കാർ-എയ്‌ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 20 ശതമാനം മാർജിനൽ സീറ്റ് വർധനവ് അനുവദിച്ചിട്ടുണ്ട്.

നിലവിൽ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അടിസ്ഥാന സീറ്റുകളുടെ എണ്ണം 3,60,994 ആണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അധിക സീറ്റുകൾ അനുവദിച്ചതോടെ പ്രവേശന പ്രതിസന്ധിക്ക് വലിയ തോതിൽ പരിഹാരമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക