പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കേന്ദ്രത്തിൽ 12 വർഷം പൂർത്തിയാക്കാനൊരുങ്ങുന്നതിനിടെ, പ്രധാനമന്ത്രിയെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സേവനം, സദ്ഭരണം, പൊതുജനക്ഷേമം എന്നിവകൊണ്ട് നിർവചിക്കപ്പെടുന്ന “യുഗനിർമ്മാണ യാത്ര”യായാണ് മോദി സർക്കാരിന്റെ കാലഘട്ടത്തെ യോഗി വിശേഷിപ്പിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഹിന്ദിയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് യോഗിയുടെ അഭിനന്ദനം. കേന്ദ്രത്തിൽ 12 വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയംഗമമായ ആശംസകൾ നേർന്ന അദ്ദേഹം, രാജ്യത്തിന്റെ വികസന ദിശയെ തന്നെ മാറ്റിമറിച്ച ഭരണകാലമാണിതെന്നും അഭിപ്രായപ്പെട്ടു.
“ലോകത്തിലെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവായ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക്, ‘പ്രധാന സേവക്’ എന്ന നിലയിൽ സേവനം, സദ്ഭരണം, പൊതുജനക്ഷേമം എന്നിവയ്ക്കായി സമർപ്പിച്ച 12 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,” എന്നാണ് യോഗി കുറിച്ചത്.
ഈ കാലയളവിൽ ദരിദ്രക്ഷേമം ഭരണത്തിന്റെ കേന്ദ്രബിന്ദുവായെന്നും, അന്ത്യോദയ ആശയം സ്വാശ്രയത്വത്തിന്റെ ശക്തിയായി മാറിയെന്നും യോഗി പറഞ്ഞു. പൊതുജന പങ്കാളിത്തം വികസനത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീശാക്തീകരണം, നവീകരണം, സാമ്പത്തിക പുരോഗതി, സാംസ്കാരിക നവോത്ഥാനം എന്നിവ കൈകോർത്ത് മുന്നേറുന്ന “നവ ഇന്ത്യ”യെ രൂപപ്പെടുത്തുന്നതിൽ മോദി സർക്കാരിന് നിർണായക പങ്കുണ്ടായിരുന്നുവെന്നും യോഗി വിലയിരുത്തി.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇന്ന് സുരക്ഷാ രംഗത്തും നയതന്ത്ര തലത്തിലും കൂടുതൽ ശക്തമായ രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു. “അതിർത്തികളിൽ ഉറച്ച നിലപാടും ഭീകരവിരുദ്ധ പോരാട്ടത്തിൽ നിർണായക സമീപനവും ആഗോള വേദിയിൽ ആത്മവിശ്വാസവും പുലർത്തുന്ന ഇന്ത്യ ഇന്ന് ശക്തവും വിശ്വസനീയവുമായ നേതൃരാജ്യമായി മാറിയിരിക്കുന്നു,” എന്നാണ് യോഗിയുടെ വിലയിരുത്തൽ.
‘വിക്ഷിത് ഭാരത് 2047’ എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഡിജിറ്റൽ വളർച്ച, ജനസംഖ്യാ ശക്തി, ജനാധിപത്യ മൂല്യങ്ങൾ എന്നിവ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ആവാസ് യോജന, ജൻധൻ യോജന, ആയുഷ്മാൻ ഭാരത്, ഉജ്ജ്വല പദ്ധതി, പ്രധാനമന്ത്രി സ്വാനിധി തുടങ്ങിയ കേന്ദ്ര പദ്ധതികളെ എടുത്തുപറഞ്ഞ യോഗി, വികസനത്തിന്റെ ഗുണഫലങ്ങൾ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കാൻ മോദി സർക്കാർ വിജയിച്ചതായും പൊതുജന വിശ്വാസം ശക്തിപ്പെടുത്താനായതായും അഭിപ്രായപ്പെട്ടു.
