മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുപക്ഷ നേതാക്കളുടെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡിനെതിരെ കടുത്ത രാഷ്ട്രീയ പ്രതിരോധവുമായി സി.പി.ഐ.എം. നിലവിലെ യുഡിഎഫ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ പണം വാങ്ങിയെന്ന് വ്യക്തമായ തെളിവുകളുണ്ടായിട്ടും ഇഡി അവർക്കെതിരെ അനങ്ങുന്നില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. റെയ്ഡിന്റെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എല്ലാവിധ അന്വേഷണങ്ങളോടും വീണ വിജയൻ പൂർണ്ണമായി സഹകരിച്ചിട്ടുണ്ട്. വീണയുടെ പിതാവ് പിണറായി വിജയനായത് കൊണ്ട് മാത്രമാണ് ഇപ്പോൾ അദ്ദേഹത്തെ ലക്ഷ്യമിട്ട് ഇങ്ങനെയൊരു നീക്കം നടത്തുന്നത്. ഇതിലൂടെ യുഡിഎഫ്-ബിജെപി ഡീൽ പരസ്യമായി തെളിഞ്ഞിരിക്കുകയാണ്,” എം.വി. ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ഇഡിയുടെ മിന്നൽ പരിശോധനയ്ക്കെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധമാണ് സി.പി.ഐ.എം ഉയർത്തുന്നത്. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വസതികൾക്ക് മുന്നിൽ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. പി. ജയരാജൻ, എം.വി. ജയരാജൻ, വി. ശിവൻകുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ സമരത്തിന് നേതൃത്വം നൽകുന്നുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും പ്രതിഷേധ സ്ഥലത്തുണ്ട്.
അതേസമയം, മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീടിന് മുന്നിലും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധവുമായി തടിച്ചുകൂടിയിരിക്കുകയാണ്.
കേന്ദ്ര ഏജൻസികളെ ആയുധമാക്കി ബിജെപിയും കോൺഗ്രസും നടത്തുന്ന രാഷ്ട്രീയ വേട്ടയാടലാണ് ഇതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചു. റെയ്ഡിനെതിരെ എല്ലാ പാർട്ടി ഘടകങ്ങളിലും ശക്തമായ പ്രതിഷേധമുണ്ടാകും. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളിലും പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
