അമേരിക്കയിൽ നിലവിലുള്ള ആന്റി-ബാലിസ്റ്റിക് മിസൈൽ നിർമ്മാണം ആവശ്യത്തിനനുസരിച്ചുള്ളതില്ലെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. അമേരിക്കയിലെ ഈ കുറവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സുരക്ഷാ പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും, മറുവശത്ത് റഷ്യ ബാലിസ്റ്റിക് മിസൈലുകളുടെ ആഭ്യന്തര ഉത്പാദനം വൻതോതിൽ വർദ്ധിപ്പിക്കുകയാണെന്നും സെലെൻസ്‌കി മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മിസൈൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിനും യുഎസ് കോൺഗ്രസിനും താൻ ഔദ്യോഗിക കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ യുദ്ധസാഹചര്യങ്ങളും വെല്ലുവിളികളും വച്ചുനോക്കുമ്പോൾ അമേരിക്ക പ്രതിമാസം നിർമ്മിക്കുന്ന 60–65 ആന്റി-ബാലിസ്റ്റിക് മിസൈലുകൾ എന്നത് വളരെ ചെറിയൊരു സംഖ്യ മാത്രമാണെന്ന് സെലെൻസ്‌കി ചൂണ്ടിക്കാട്ടി.
“ഇതൊരു രഹസ്യമല്ല, റഷ്യയ്ക്ക് ഈ കുറവുകളെക്കുറിച്ച് കൃത്യമായ വിവരമുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് മിസൈൽ ഉത്പാദനം വിപുലീകരിക്കേണ്ടതുണ്ട്. മുൻ യുഎസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടതുപോലെ തന്നെ, പാട്രിയറ്റ് മിസൈലുകൾ സ്വന്തമായി നിർമ്മിക്കുന്നതിനുള്ള ലൈസൻസ് ഉക്രെയ്ന് നൽകാൻ ഞാൻ നിലവിലെ യുഎസ് ഭരണകൂടത്തോടും ആവശ്യപ്പെടുകയാണ്.”- അദ്ദേഹം പറഞ്ഞു.
ഉക്രെയ്നിൽ പാട്രിയറ്റ് മിസൈലുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ തങ്ങൾക്ക് സാധിക്കുമെന്നും ഇത് ഉക്രെയ്ന് മാത്രമല്ല, മിഡിൽ ഈസ്റ്റിനും അമേരിക്ക സഹായിക്കാൻ ആഗ്രഹിക്കുന്ന മറ്റ് രാജ്യങ്ങൾക്കും ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂറോപ്യൻ ബാലിസ്റ്റിക് വിരുദ്ധ സംവിധാനം പ്രാവർത്തികമാകുന്നതുവരെ ഉക്രെയ്ന് അമേരിക്കയുടെ ശക്തമായ പിന്തുണ ആവശ്യമാണെന്നും സെലെൻസ്‌കി എടുത്തുപറഞ്ഞു.
അയൽരാജ്യങ്ങളായ റൊമാനിയ, മോൾഡോവ, പോളണ്ട് അല്ലെങ്കിൽ ബാൾട്ടിക് രാജ്യങ്ങൾ എന്നിവയുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങുന്ന റഷ്യൻ ഡ്രോണുകളെപ്പോലും തടയാൻ ഉക്രെയ്ൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേപോലെ, അടുത്ത ശൈത്യകാലത്തിന് മുമ്പായി യുദ്ധം അവസാനിപ്പിക്കാൻ ഒരു നയതന്ത്ര മാർഗം കണ്ടെത്തേണ്ടതുണ്ടെന്ന് ഉക്രേനിയൻ പ്രസിഡന്റ് വ്യക്തമാക്കി. 2025 ഡിസംബർ മുതൽ യുദ്ധക്കളത്തിൽ റഷ്യയ്ക്ക് തങ്ങളുടെ മേൽക്കൈ നഷ്ടപ്പെട്ടു തുടങ്ങിയതായും അദ്ദേഹം നിരീക്ഷിച്ചു. എന്നാൽ നയതന്ത്ര ചർച്ചകളുടെ വിജയം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് മേൽ സ്വന്തം ജനങ്ങളിൽ നിന്നുണ്ടാകുന്ന ആഭ്യന്തര സമ്മർദ്ദത്തെയും, റഷ്യയ്‌ക്കെതിരെ അമേരിക്കയും യൂറോപ്പും ഏർപ്പെടുത്തുന്ന ഉപരോധങ്ങളുടെ ശക്തിയെയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ നടക്കാനിടയുള്ള സമാധാന ചർച്ചകളിൽ യൂറോപ്പിനെ ആര് പ്രതിനിധീകരിക്കും എന്ന ചോദ്യവും സെലെൻസ്‌കി ഉന്നയിച്ചു. യുകെ , ഫ്രാൻസ്, ജർമ്മനി എന്നിവരുൾപ്പെടുന്ന ‘E3’ സഖ്യം മികച്ചതാണോ എന്ന് ഉറപ്പില്ലെങ്കിലും ചർച്ചകളിൽ പങ്കെടുക്കാൻ ഇവർക്ക് സാധിക്കുമെന്നാണ് കരുതുന്നത്. ഒപ്പം വിശ്വസ്തരായ നോർഡിക് പങ്കാളികളുമുണ്ട്. മുൻകാലങ്ങളിൽ യുദ്ധത്തടവുകാരെ മോചിപ്പിക്കുന്നതിൽ മധ്യസ്ഥത വഹിച്ച് വിജയം കണ്ട തുർക്കിയുടെ സഹായവും ചർച്ചകളിൽ പ്രതീക്ഷിക്കുന്നതായി സെലെൻസ്‌കി കൂട്ടിച്ചേർത്തു.
