കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കും, നിർമ്മിതബുദ്ധിയുടെ കാലത്ത് അറിവ് തേടിപ്പിടിക്കണം; പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു. തന്റെ കുട്ടിക്കാലത്തെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ പങ്കുവെച്ചും, കാലത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് സർക്കാർ കൊണ്ടുവരാൻ പോകുന്ന വലിയ മാറ്റങ്ങൾ വിശദീകരിച്ചുമാണ് മുഖ്യമന്ത്രി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തത്.

ഇത് വിജ്ഞാന വിസ്ഫോടനത്തിന്റെയും നിർമ്മിതബുദ്ധിയുടെയും കാലമാണെന്നും വിദ്യാർത്ഥികൾ നിരന്തരം അറിവ് നേടാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് കുട്ടികൾ പോകുന്നത് ഒഴിവാക്കി, കേരളത്തെ തന്നെ ലോകോത്തര വിദ്യാഭ്യാസ ഡെസ്റ്റിനേഷൻ പോയിന്റ് ആക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

വിദേശത്തുനിന്നുപോലും വിദ്യാർത്ഥികൾ പഠിക്കാനെത്തുന്ന മികച്ച സ്ഥാപനങ്ങളും പുതിയ കോഴ്സുകളും കേരളത്തിൽ ഒരുക്കും. കുട്ടികൾക്ക് മാതാപിതാക്കൾക്കൊപ്പം ജീവിച്ച് നാട്ടിൽ തന്നെ ഏറ്റവും നല്ല വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം സൃഷ്ടിക്കും.

ഇന്ത്യയിൽ ശാസ്ത്രബോധത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ്. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനായി നെഹ്റുവിന്റെ നാമധേയത്തിൽ വിപുലമായ ഉന്നത ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കും. ലഹരിമരുന്നിനെതിരെ വിദ്യാർത്ഥികൾ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും, കൂട്ടുകാർ ആരെങ്കിലും ഈ വഴിക്ക് പോയാൽ അവരെ പിന്തിരിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തന്റെ സ്കൂൾ കാലഘട്ടത്തിലെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്:
“ഇവിടെ നിൽക്കുമ്പോൾ എന്റെ കുട്ടിക്കാലമാണ് മനസ്സിലേക്ക് വരുന്നത്. എന്നാൽ ഇന്ന് മഴ പെയ്യാത്തതിൽ എനിക്ക് സങ്കടമുണ്ട്. ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് സ്കൂൾ തുറക്കുന്ന ദിവസം ഉറപ്പായും മഴ പെയ്യുമായിരുന്നു. ഇന്ന് ഭൂരിഭാഗം പേരും സ്കൂൾ ബസുകളിലാണ് വരുന്നത്. ഞങ്ങളന്ന് വെള്ളം തട്ടിത്തെറിപ്പിച്ച്, മഴ നനഞ്ഞ്, കൂട്ടുകാരോടൊപ്പം കളിച്ചാണ് സ്കൂളിലേക്ക് നടന്നിരുന്നത്. കാലാവസ്ഥ വ്യതിയാനം കാരണമാണ് ഇത്തവണ മഴ വൈകുന്നത്.”- മുഖ്യമന്ത്രി പറഞ്ഞു.

പഠനകാലത്ത് തന്നെ സ്കൂളിൽ ചേർക്കാനും പിന്നീട് പ്രീഡിഗ്രിക്ക് ചേർക്കാനും മാത്രമാണ് അച്ഛൻ വന്നതെന്നും, ഇന്നത്തെപ്പോലെ മാതാപിതാക്കൾ എപ്പോഴും സ്കൂളിൽ അന്വേഷിച്ചു വരുന്ന രീതി അന്നുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളിൽ ചില ‘കുഴപ്പങ്ങൾ’ ഉണ്ടാക്കിയപ്പോൾ വീട്ടിൽ നിന്ന് ആളെ വിളിക്കാൻ പറഞ്ഞെങ്കിലും അത് താൻ തന്നെ കൈകാര്യം ചെയ്തതായും അദ്ദേഹം ചിരിയോടെ ഓർത്തെടുത്തു.

പുതിയ തലമുറ ജീവിക്കുന്നത് വിജ്ഞാന വിസ്ഫോടനത്തിന്റെ കാലത്താണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പണ്ടത്തേതിനേക്കാൾ വേഗത്തിലാണ് ഇന്ന് അറിവുകൾ മാറുന്നത്. എഞ്ചിനീയറിംഗ് കഴിഞ്ഞിറങ്ങുന്ന ഒരു കുട്ടി പഠിച്ച കാര്യങ്ങൾ അപ്പോഴേക്കും കാലഹരണപ്പെടുകയും പുതിയ സാങ്കേതികവിദ്യകൾ വരികയും ചെയ്യുന്നു. നിർമ്മിതബുദ്ധി മനുഷ്യബുദ്ധിയേക്കാൾ ശക്തമായി മാറുന്ന ഈ കാലഘട്ടത്തിൽ, കുട്ടികൾ പുതിയ അറിവുകൾ നിരന്തരം തേടിപ്പിടിക്കണമെന്നും അതിനായുള്ള ശ്രമങ്ങൾ തുടരണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക