സി.ബി.എസ്.ഇ ഡിജിറ്റൽ മൂല്യനിർണ്ണയത്തിൽ കോടികളുടെ അഴിമതി; മൊബൈൽ ഉപയോഗിച്ച് ഉത്തരക്കടലാസ് സ്കാൻ ചെയ്തെന്ന് രാഹുൽ ഗാന്ധി

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഡിജിറ്റൽ മൂല്യനിർണ്ണയ പ്രക്രിയയുടെ ടെൻഡറുകളിൽ വൻ അഴിമതി നടന്നതായി കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. മൊബൈൽ ഫോണുകൾ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ ഗുണനിലവാരമില്ലാതെ സ്കാൻ ചെയ്തതു വഴി രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് കേന്ദ്ര സർക്കാരും സി.ബി.എസ്.ഇ ബോർഡും ചേർന്ന് ഇരുട്ടിലാക്കിയതെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഒരു പ്രത്യേക സ്വകാര്യ കമ്പനിക്ക് വഴിവിട്ട് കരാർ നൽകാനായി ടെൻഡർ നിയമങ്ങൾ അട്ടിമറിച്ചതായും അദ്ദേഹം ആരോപിച്ചു.

ഈ വിവാദത്തെക്കുറിച്ച് സാർത്തക് സിദ്ധാന്ത് എന്ന വിദ്യാർത്ഥി തയ്യാറാക്കിയ അന്വേഷണാത്മക റിപ്പോർട്ട് രാഹുൽ ഗാന്ധി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

2025 മെയ് മാസത്തിൽ സി.ബി.എസ്.ഇ പുറത്തിറക്കിയ ആദ്യ ടെൻഡർ പ്രകാരം 300 DPI റെസല്യൂഷനുള്ള ഓട്ടോമാറ്റിക് റോബോട്ടിക് സ്കാനറുകൾ ഉപയോഗിച്ച് മാത്രമേ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാവൂ എന്ന് വ്യക്തമായി നിഷ്കർഷിച്ചിരുന്നു എന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

“എന്നാൽ 2025 ഓഗസ്റ്റിൽ വീണ്ടും പുറത്തിറക്കിയ ടെൻഡറിൽ ഈ സുരക്ഷാ നിയമങ്ങളെല്ലാം ബോർഡ് പൂർണ്ണമായും നീക്കം ചെയ്തു. ‘കോ-ഓപ്റ്റ് എഡ്യൂടെക്’ എന്ന ഒരൊറ്റ സ്വകാര്യ കമ്പനിക്ക് ഈ വൻ കരാർ നൽകാൻ വേണ്ടി മാത്രമാണ് മാനദണ്ഡങ്ങളിൽ ഇത്തരമൊരു അട്ടിമറി നടത്തിയത്.”- അദ്ദേഹം പറഞ്ഞു.

ടെൻഡറിലെ മാറ്റങ്ങൾ കാരണം സ്കാനിംഗ് ഗുണനിലവാരം 200 DPI ആയി കുറഞ്ഞു. പ്രൊഫഷണൽ സ്കാനറുകൾക്ക് പകരം സാധാരണ മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് കമ്പനി ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തത്. തൽഫലമായി ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്ത പേജുകൾ മങ്ങുകയും, പല പേജുകളും പൂർണ്ണമായി കാണാതാവുകയും ചെയ്തു. ഇത് വെറുമൊരു അശ്രദ്ധയല്ലെന്നും ഒരു സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാൻ വേണ്ടി മനഃപൂർവ്വം ആസൂത്രണം ചെയ്ത വലിയൊരു തട്ടിപ്പാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.

ഏകദേശം 18.5 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളുടെ ജീവിതത്തെ നേരിട്ട് ബാധിച്ച ഈ വൻ അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഈ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വിവാദ ഡിജിറ്റൽ അസസ്‌മെന്റ് പോർട്ടലിലെ ഗുരുതരമായ സുരക്ഷാ പിഴവുകൾ സ്ക്രീൻഷോട്ടുകൾ സഹിതം നിസർഗ അധികാരി എന്ന 19 കാരനായ എത്തിക്കൽ ഹാക്കർ പുറത്തുവിട്ടിരുന്നു . ഇന്റർനെറ്റ് സൗകര്യമുള്ള ആർക്കും ഈ പോർട്ടലിൽ നിന്ന് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.

കൂടാതെ, സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിൽ മൊബൈൽ ഫോണുകളുടെ നിഴലുകളും പേജുകളുടെ മടക്കുകളും വ്യക്തമായി കാണാമെന്നതിന്റെ ഡിജിറ്റൽ തെളിവുകൾ സാർത്തക് സിദ്ധാന്തും പുറത്തുവിട്ടിട്ടുണ്ട്. പ്രൊഫഷണൽ സ്കാനറുകളാണ് ഉപയോഗിച്ചതെങ്കിൽ ഇത്തരം നിഴലുകൾ ഉണ്ടാകില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ സി.ബി.എസ്.ഇ ബോർഡ് ഇപ്പോൾ പ്രതിരോധത്തിലായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക