ബംഗളൂരുവിൽ എസ്‌.എഫ്‌.ഐ സമരത്തിന് നേരെ പോലീസ് അതിക്രമം; പെൺകുട്ടികളടക്കം അമ്പതോളം വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ബംഗളൂരുവിൽ പ്രതിഷേധ സമരം നടത്തിയ എസ്‌.എഫ്‌.ഐ പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത സമാധാനപരമായ സമരത്തെ അതിക്രൂരമായാണ് പോലീസ് അടിച്ചമർത്തിയത്. സമരരംഗത്തുണ്ടായിരുന്ന അമ്പതോളം വിദ്യാർത്ഥികളെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ നിലവിൽ സിൽവർ ജൂബിലി പാർക്ക് പോലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയിരിക്കുന്നത്.

പ്രതിഷേധത്തിന് നേതൃത്വം നൽകിയ എസ്‌.എഫ്‌.ഐയുടെ ദേശീയ-സംസ്ഥാന തലത്തിലുള്ള പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്‌.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി, കർണാടക സംസ്ഥാന സെക്രട്ടറി വിജയ്, സംസ്ഥാന പ്രസിഡന്റ് ശിവപ്പ, കേന്ദ്ര കമ്മിറ്റി അംഗം എസ്. സുജാത, ഡോ. ബസവരാജ് തുടങ്ങിയ നേതാക്കളാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്.

കോൺഗ്രസ് ഭരിക്കുന്ന കർണാടക സംസ്ഥാനത്തിലെ പോലീസിന്റെ ഈ കിരാത നടപടിക്കെതിരെ വിദ്യാർത്ഥികൾക്കിടയിൽ വലിയ ജനരോഷമാണ് ഉയരുന്നത്. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച എസ്‌.എഫ്‌.ഐ പ്രവർത്തകർ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സിൽവർ ജൂബിലി പാർക്ക് പോലീസ് സ്റ്റേഷനകത്ത് തന്നെ കടുത്ത മുദ്രാവാക്യം വിളികളോടെ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. വരും മണിക്കൂറുകളിൽ കൂടുതൽ പ്രവർത്തകർ സ്റ്റേഷനിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

മറുപടി രേഖപ്പെടുത്തുക