ഹോർമുസ് കടലിടുക്കിൽ യു.എസ്-ഇറാൻ ഏറ്റുമുട്ടൽ; ബഹ്‌റൈനിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം

പേർഷ്യൻ ഗൾഫ് മേഖലയിൽ യു.എസ് സൈന്യവും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സും തമ്മിൽ അതിശക്തമായ സൈനിക ഏറ്റുമുട്ടൽ. അമേരിക്കൻ ആക്രമണങ്ങൾക്ക് പ്രതികാരമായി ബഹ്‌റൈനിലെ യു.എസ് അഞ്ചാം കപ്പലിന്റെ കമാൻഡ് സെന്ററും ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ വ്യോമ-ഹെലികോപ്റ്റർ താവളങ്ങളും ലക്ഷ്യമിട്ട് തങ്ങൾ വൻതോതിൽ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചു.

അതേസമയം, ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞുനിർത്തിയതായും ഇറാനിലെ ഖേഷ്ം ദ്വീപിൽ ശക്തമായ തിരിച്ചടി നൽകിയതായും യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകുന്നേരം ഹോർമുസ് കടലിടുക്കിന് സമീപം ഇറാനുമായി ബന്ധമുള്ള ഒരു എണ്ണടാങ്കറിന് നേരെ യു.എസ് യുദ്ധവിമാനം അത്യാധുനിക ഹെൽഫയർ മിസൈൽ പ്രയോഗിച്ചതോടെയാണ് മേഖലയെ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. ബോട്സ്വാന പതാക വഹിച്ച ‘എം/ടി ലെക്സി’ എന്ന ടാങ്കർ അമേരിക്കയുടെ ഉപരോധം ലംഘിച്ച് ഇറാന്റെ ഖാർഗ് ദ്വീപിലേക്ക് നീങ്ങുകയാണെന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ ഈ നീക്കം.

അമേരിക്കൻ യുദ്ധവിമാനത്തിന്റെ ആക്രമണത്തിന് പിന്നാലെ ഇറാൻ കടുത്ത തിരിച്ചടിയാണ് മേഖലയിൽ നൽകിയത്: കടലിടുക്കിലൂടെ നീങ്ങുകയായിരുന്ന ‘പനയ’ എന്ന യു.എസ് അനുബന്ധ കപ്പലിന് നേരെ ഐ.ആർ.ജി.സി നാവിക മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. ഇതിന് പിന്നാലെ ബഹ്‌റൈനിലെ അമേരിക്കൻ അഞ്ചാം കപ്പലിന്റെ ആസ്ഥാനത്തിന് നേരെയും, മറ്റൊരു ഗൾഫ് രാജ്യത്തെ യു.എസ് വ്യോമ-ഹെലികോപ്റ്റർ താവളങ്ങൾക്ക് നേരെയും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു.

ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടതിന് പിന്നാലെ യു.എസ് സൈന്യം ഇറാന്റെ അധീനതയിലുള്ള ഖേഷ്ം ദ്വീപിലെ ഐ.ആർ.ജി.സിയുടെ കമ്മ്യൂണിക്കേഷൻ ടവറിന് നേരെ ബോംബാക്രമണം നടത്തി. ഇത് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ‘സ്വയം പ്രതിരോധ ആക്രമണം’ ആണെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. ഖേഷ്ം ദ്വീപിലെ ഇറാന്റെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനാണ് തങ്ങൾ തകർത്തതെന്നും യു.എസ് അവകാശപ്പെടുന്നു.

രണ്ട് വൻശക്തികൾ തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ പേർഷ്യൻ ഗൾഫ് മേഖലയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ സംഘർഷം കനത്തതോടെ ആഗോള വിപണിയിലും ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

മറുപടി രേഖപ്പെടുത്തുക