യു.ഡി.എഫ് പുറത്തിറക്കിയ കേരളത്തിന്റെ പത്തുവർഷത്തെ സാമ്പത്തിക ധവളപത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സഹായത്തോടെ തയ്യാറാക്കിയതാണെന്നും ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്. ധനവകുപ്പിലെ അത്യന്തം രഹസ്യസ്വഭാവമുള്ള ഔദ്യോഗിക രേഖകൾ പോലും എ.ഐ പ്ലാറ്റ്ഫോമുകൾ വഴി വിശകലനം ചെയ്താണ് 195 പേജുള്ള ഈ റിപ്പോർട്ട് വെറും ഒരാഴ്ചകൊണ്ട് ഒപ്പിച്ചെടുത്തതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി എതിർപ്പില്ലെന്ന് വ്യക്തമാക്കിയ തോമസ് ഐസക്, എന്നാൽ ഔദ്യോഗിക രഹസ്യരേഖകൾ എ.ഐ ടൂളുകൾക്ക് നൽകി പബ്ലിക് ഡൊമെയ്നിലേക്ക് ചോർത്തിയത് സുപ്രീംകോടതിയുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ഇത് നിലവിലുള്ള ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ ലംഘനമാണെന്നും, മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തരമായി വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ.ഐ ടൂളുകളെ അന്ധമായി ആശ്രയിച്ചതുകൊണ്ടാണ് യു.ഡി.എഫിന്റെ ധവളപത്രത്തിൽ വലിയ അബദ്ധങ്ങളും വസ്തുതാവിരുദ്ധമായ കണക്കുകളും കടന്നുകൂടിയതെന്ന് തോമസ് ഐസക് വ്യക്തമാക്കി. കേരളത്തിലെ വികസന ചെലവ് മറ്റ് സംസ്ഥാനങ്ങളുടെ പകുതിയേക്കാൾ കുറവായി റിപ്പോർട്ടിൽ കാണിച്ചതിനെ ഇതിന് ഉദാഹരണമായി അദ്ദേഹം ഉയർത്തിക്കാട്ടി.
“എ.ഐ വിശകലനത്തിനായി റിസർവ് ബാങ്കിന്റെ ഡാറ്റയാണ് യു.ഡി.എഫ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന വൻതുകയൊന്നും ആർ.ബി.ഐ ഡാറ്റയിൽ ഉൾപ്പെടാറില്ലെന്ന പ്രാഥമികവിവരം പോലും തിരിച്ചറിയാൻ എ.ഐക്ക് കഴിഞ്ഞില്ല. തൽഫലമായി സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള മൊത്തം കണക്കുകളും തലകീഴായി മറിയുകയും ധവളപത്രം വെറുമൊരു അബദ്ധപ്പഞ്ചാംഗമായി മാറുകയും ചെയ്തു.”- അദ്ദേഹം പറഞ്ഞു.
ഭരണഘടനയും നിയമങ്ങളും കാറ്റിൽപ്പറത്തി വിവരങ്ങൾ ചോർത്തിയതിനെതിരെ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
