കേന്ദ്രമന്ത്രിക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് അനുമതി; വിമാനത്താവളത്തിൽ അഭിജിത് ദീപ്കെയെ തടഞ്ഞു

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രാജ്യതലസ്ഥാനത്ത് നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകി. ജന്തർമന്തറിലാണ് പ്രതിഷേധം സംഘടിപ്പിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. അതേസമയം, പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ യു.എസിൽ നിന്നും ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയയുടൻ വിമാനത്താവളത്തിനുള്ളിൽ വെച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടഞ്ഞുനിർത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

വിമാനത്താവളത്തിലെ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അഭിജിത് ദീപ്കെ, തങ്ങളെ പിന്തുണയ്ക്കുന്ന എല്ലാവരെയും ജന്തർമന്തറിലെ പ്രതിഷേധ വേദിയിൽ കാണാമെന്ന് വ്യക്തമാക്കി. ബി.ആർ. അംബേദ്കറുടെ ‘എന്റെ ആത്മകഥ’ എന്ന പുസ്തകം ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്.

പ്രതിഷേധം പൂർണ്ണമായും സമാധാനപരമായിരിക്കണമെന്ന് അഭിജിത് ദീപ്കെ അണികളോട് ആഹ്വാനം ചെയ്തു. സമരക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനുമായി പാർട്ടി നേതൃത്വം ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. പാർലമെന്റ് സ്ട്രീറ്റിലേക്ക് പ്രവേശനമില്ല: പ്രവർത്തകർ ആരും തന്നെ പാർലമെന്റ് സ്ട്രീറ്റ് ഭാഗത്തേക്ക് പോകരുതെന്ന് കർശന നിർദേശമുണ്ട്.

സമരത്തെ അട്ടിമറിക്കാൻ ബാഹ്യശക്തികൾ ശ്രമിച്ചേക്കാമെന്നതിനാൽ ജാഗ്രത പാലിക്കണം. എന്തെങ്കിലും സംശയാസ്പദമായ സാഹചര്യമുണ്ടായാൽ ഉടൻ പൊലീസിനെ വിവരമറിയിക്കണം. ഒരു സാഹചര്യത്തിലും യാതൊരുവിധ പ്രകോപനങ്ങളിലും വീണുപോകരുത്. പ്രതിഷേധ പരിപാടികൾ പൂർണ്ണമായും മൊബൈലിലും മറ്റും റെക്കോഡ് ചെയ്യണം.

അതേസമയം, തങ്ങളുടേത് സമാധാനപരമായ പ്രതിഷേധമാണെന്ന് വ്യക്തമാക്കാൻ സമരസ്ഥലത്തുള്ള പൊലീസുകാർക്ക് പൂക്കൾ നൽകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

മറുപടി രേഖപ്പെടുത്തുക