യു.എസ്. സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ഗൾഫ് അറബ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ പ്രതികാര ആക്രമണങ്ങളിൽ തകർന്ന ഊർജ്ജ-അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനായി, മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാനിയൻ ആസ്തികൾ ഉപയോഗിക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളായ ബ്ലൂംബെർഗും സി.ബി.എസ്. ന്യൂസും റിപ്പോർട്ട് ചെയ്തു.
ഇറാൻ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ പുനർനിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഈ ആസ്തികൾ ലഭ്യമാക്കാൻ ട്രഷറി വകുപ്പ് തങ്ങളുടെ പക്കലുള്ള ലഭ്യമായ എല്ലാ അധികാരങ്ങളും ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സി.ബി.എസ്. റിപ്പോർട്ട് ചെയ്തു.
പേർഷ്യൻ ഗൾഫിലെ യു.എസ്. സഖ്യകക്ഷികൾക്കിടയിലെ സ്ഥിതിഗതികൾ വിലയിരുത്താനും സംഘർഷത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ സമഗ്രമായ കണക്കുകൾ ശേഖരിക്കാനും ബെസെന്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഇറാൻ അനുകൂല ഗ്രൂപ്പുകൾ വരുത്തിവെച്ച മുൻകാല നാശനഷ്ടങ്ങൾ നികത്താനും ഈ ഫണ്ട് ഉപയോഗിക്കാമോ എന്ന് വകുപ്പ് ആലോചിക്കുന്നുണ്ടെന്ന് ബ്ലൂംബെർഗ് വ്യക്തമാക്കി.
മരവിപ്പിച്ച ഫണ്ടുകൾ വിട്ടുകിട്ടണമെന്ന ഇറാന്റെ ശക്തമായ ആവശ്യത്തെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകൾ നിലവിൽ സ്തംഭിച്ച സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം. തങ്ങളുടെ 24 ബില്യൺ ഡോളറിന്റെ ആസ്തികൾ വിട്ടുകൊടുക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ചർച്ചകളിലെ കരാറെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിയുടെ സൈനിക ഉപദേഷ്ടാവായ മൊഹ്സെൻ റെസായി വ്യക്തമാക്കി.
തുക കൈമാറാനുള്ള വ്യവസ്ഥ: അമേരിക്കയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചാലുടൻ കുറഞ്ഞത് 12 ബില്യൺ ഡോളറെങ്കിലും അനുവദിക്കണമെന്നും, ബാക്കി തുക ഒന്ന് ഒടു രണ്ട് മാസത്തിനുള്ളിൽ കൈമാറണമെന്നുമാണ് ടെഹ്റാൻ ആവശ്യപ്പെടുന്നതെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി മെഹർ ന്യൂസ് ഏജൻസിയോട് പറഞ്ഞു.
ഇറാനിയൻ ദ്വീപിൽ യു.എസ്. നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ തിരിച്ചടിച്ചതോടെയാണ് മേഖലയിൽ സംഘർഷം കടുത്തത്. ഇതിനുപിന്നാലെയാണ് ആസ്തികൾ വകമാറ്റാനുള്ള നീക്കവുമായി അമേരിക്ക മുന്നോട്ട് പോകുന്നത്.
