പാർട്ടിക്കുള്ളിലെ തെറ്റുകുറ്റങ്ങൾ തിരുത്തിയാൽ മാത്രമേ സി.പി.ഐ.എമ്മിന് ശക്തമായി തിരിച്ചുവരാൻ സാധിക്കൂ എന്നും, അല്ലാത്തപക്ഷം പാർട്ടി ബംഗാളിന്റെ അവസ്ഥയിലേക്ക് പോകുമെന്നും എം.എൽ.എ. വി. കുഞ്ഞികൃഷ്ണൻ. ചടയൻ ഗോവിന്ദൻ വരെയുള്ള പഴയ തലമുറയിലെ നേതാക്കളുടെ കാലത്ത് പാർട്ടിയിൽ കൂട്ടായ നേതൃത്വമുണ്ടായിരുന്നുവെന്നും തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്തപ്പെടാറുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയത് മുതൽ തെറ്റുകൾ തിരുത്താൻ പ്രേരിപ്പിച്ചിരുന്ന ഏക ശക്തി വി.എസ്. അച്യുതാനന്ദൻ മാത്രമായി മാറിയെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. എന്നാൽ പാർട്ടിയിലെ വിഭാഗീയത വി.എസിനെ ഒറ്റപ്പെടുത്തുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെ എത്തിച്ചു. വിമർശിക്കാനോ അഭിപ്രായങ്ങൾ തുറന്നു പറയാനോ നേതാക്കൾക്കും പ്രവർത്തകർക്കും ഇപ്പോൾ ഭയമാണ്.
ഒരു വ്യക്തിയുടെ തീരുമാനം അന്ധമായി അംഗീകരിക്കുന്ന ‘യെസ്മാന്മാരുടെ’ കൂട്ടമായി പാർട്ടി മാറുന്നത് ഫാസിസത്തിന്റെ അടയാളമാണെന്നും അദ്ദേഹം വിമർശിച്ചു. ഈ മാനസികാവസ്ഥ പിണറായി വിജയന്റെ മാത്രം തെറ്റല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വ്യക്തിപരമായ താല്പര്യങ്ങൾക്കപ്പുറം കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ടു:
അധികാരത്തിലിരിക്കുന്ന വ്യക്തിയെ നിയന്ത്രിക്കാനുള്ള പൂർണ്ണ അധികാരം പാർട്ടി നേതൃത്വത്തിന് ആയിരിക്കണം. എങ്കിൽ മാത്രമേ യഥാർത്ഥ തിരുത്തൽ സാധ്യമാകൂ. പിണറായിയെ മാറ്റിയതുകൊണ്ട് മാത്രം കാര്യങ്ങൾ പഴയതുപോലെയാകില്ല. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ തെറ്റല്ല, എന്നാൽ സംഘടനാ തത്വങ്ങളിൽ ഭേദഗതികൾ ആവശ്യമുണ്ടെങ്കിൽ പാർട്ടി പ്ലീനം വിളിച്ച് കൂട്ടായി വേണം മാറ്റങ്ങൾ നടപ്പിലാക്കാൻ. അത് ഒരു വ്യക്തിയുടെ ഇഷ്ടത്തിനനുസരിച്ച് ആകരുത്. ഇന്ന് പാർട്ടിയിൽ കാണുന്ന മാറ്റങ്ങൾ പ്രസ്ഥാനത്തെ തെറ്റായ പാതയിലേക്കാണ് നയിക്കുന്നതെന്നും വി. കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
