തെലങ്കാനയിലെ കയ്യേറ്റം ഒഴിപ്പിക്കൽ സേനയായ ‘ഹൈഡ്ര’യ്ക്ക് (HYDRAA) രൂപം നൽകിയത് ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
രേവന്ത് റെഡ്ഡിയുടെ പരാമർശം അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്നും, മുഖ്യമന്ത്രിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് അദ്ദേഹത്തിന്റെ പഴയ സംഘപരിവാർ പശ്ചാത്തലമാണെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോൺഗ്രസ് പാർട്ടിക്കുണ്ട് എന്നത് ലജ്ജാകരമാണെന്ന് പിണറായി വിജയൻ വിമർശിച്ചു. ഇത് കേവലമൊരു നാക്കുപിഴയായി കാണാൻ കഴിയില്ലെന്നും കോൺഗ്രസിന്റെ യഥാർത്ഥ രാഷ്ട്രീയ സ്വഭാവമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി.യുടെയും ആർ.എസ്.എസ്സിന്റെയും ഫാസിസ്റ്റ് നയങ്ങളെ എതിർക്കാൻ കോൺഗ്രസിന് ഒരിക്കലും കഴിയില്ലെന്ന് ഇടതുപക്ഷം ആവർത്തിച്ചു വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനം ഇതാണെന്നും ജനാധിപത്യ വിശ്വാസികൾ ഈ അപകടം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ‘ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി’ എന്നതിന്റെ ചുരുക്കപ്പേരാണ് ഹൈഡ്ര. സർക്കാർ ഭൂമികളിലെയും പാർക്കുകളിലെയും തടാകങ്ങളിലെയും കയ്യേറ്റം തടയാനായി 2024 ലാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഈ പ്രൊജക്ട് രൂപീകരിച്ചത്.
അടുത്തിടെ നടന്ന ഒരു ചടങ്ങിൽ ടാസ്‌ക് ഫോഴ്സിന്റെ രൂപീകരണത്തെക്കുറിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്. ധനികർ അവരുടെ ഫാം ഹൗസുകളുടെ ഡ്രെയിനേജ് സംവിധാനങ്ങൾ ജലാശയങ്ങളുമായി ബന്ധിപ്പിക്കാൻ കയ്യേറ്റം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. അതിനുശേഷമാണ് പേരിന് പിന്നിലെ ഹിറ്റ്‌ലർ ബന്ധം അദ്ദേഹം വെളിപ്പെടുത്തിയത്.
“ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട വാക്കുകളിൽ ഒന്നാണ് ഹൈഡ്ര. ആരെയും കൊ്യാൻ അധികാരമുള്ള അദ്ദേഹത്തിന്റെ ഏറ്റവും സുപ്രധാന സംഘമായിരുന്നു അത്. ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പേര് സ്വീകരിച്ചത്.” – രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.
ഹിറ്റ്‌ലറെ പ്രകീർത്തിച്ചതിന് പുറമെ, ഹൈഡ്രയുടെ പൊളിച്ചുനീക്കൽ നടപടികളെ ഇസ്രായേൽ നടത്തുന്ന യുദ്ധങ്ങളോടാണ് രേവന്ത് റെഡ്ഡി ഉപമിച്ചത്. ഇറാനിലും മറ്റും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ മൂലമുണ്ടാകുന്ന തകർക്കലുകളുമായി ഹൈഡ്ര നടത്തിയ പൊളിച്ചുനീക്കലുകളെ താരതമ്യം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഹൈഡ്രയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ തന്നെ സമീപിക്കാറുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
