സംസ്ഥാനത്ത് മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ജില്ലാ കളക്ടർമാരുടെ ഈ തീരുമാനം.
നിലവിൽ ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് നിലനിൽക്കുന്നതെങ്കിലും, വരും മണിക്കൂറുകളിൽ മഴ തീവ്രമാകുമെന്ന സൂചനയെത്തുടർന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ/സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകളെ അവധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും യാതൊരുവിധ മാറ്റവും ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കി.
കൊങ്കൺ തീരത്തിന് സമീപം മധ്യകിഴക്കൻ അറബിക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിയാണ് നിലവിൽ വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് പ്രവചനം.
മഴയ്ക്കൊപ്പം കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തീരദേശവാസികളും മലയോര മേഖലയിലുള്ളവരും കനത്ത ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
