മമത ബാനർജിയുടെ വസതിയിൽ സി.ഐ.ഡി റെയ്ഡ്, തടഞ്ഞ് ടി.എം.സി നേതാക്കൾ

നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തോൽവിക്കും ജനപ്രതിനിധികളുടെ പരസ്യമായ കലാപങ്ങൾക്കും പിന്നാലെ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് കൂടുതൽ തിരിച്ചടി. തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരുടെ വ്യാജ ഒപ്പുകൾ ചമച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാന സി.ഐ.ഡി ഉദ്യോഗസ്ഥർ മമത ബാനർജിയുടെ വസതിയിൽ നേരിട്ടെത്തി പരിശോധന നടത്തി. കൊൽക്കത്ത ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ 30 ബിയിലുള്ള മമതയുടെ വസതിയിലേക്ക് നാടകീയ രംഗങ്ങൾക്കൊടുവിലാണ് സി.ഐ.ഡി സംഘം ഇരച്ചുകയറിയത്.

തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർട്ടി ഓഫീസ് മമത ബാനർജിയുടെ ഈ വീട്ടുവിലാസത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് ഡയറിയുടെ ഭാഗമായി ഈ ഓഫീസ് പരിസരം പരിശോധിക്കേണ്ടതുണ്ടെന്ന് സി.ഐ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ മുൻ എം.പി സുഭാഷിഷ് ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ടി.എം.സി നേതാക്കളും പ്രവർത്തകരും ഉദ്യോഗസ്ഥരെ അകത്തുകടക്കാൻ അനുവദിക്കാതെ തടഞ്ഞത് വസതിക്ക് പുറത്ത് കടുത്ത സംഘർഷത്തിനും വാക്കേറ്റത്തിനും വഴിവെച്ചു.

മമത ബാനർജിയും പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും നിലവിൽ വീട്ടിലില്ലെന്നും അതിനാൽ പരിശോധനയ്ക്ക് അനുവദിക്കില്ലെന്നുമായിരുന്നു നേതാക്കളുടെ നിലപാട്. ഒന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം വരാൻ ആവശ്യപ്പെട്ട ടി.എം.സി നേതാക്കളുടെ വാദം സി.ഐ.ഡി തള്ളി. നിയമപ്രകാരമുള്ള അന്വേഷണം തടസ്സപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെ, ചെറിയ തർക്കത്തിനൊടുവിൽ സംഘം അകത്തുകടന്ന് പരിശോധന ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ മെയ് 20-നാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവം നടക്കുന്നത്. തൃണമൂൽ കോൺഗ്രസിന് വേണ്ടി പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കർക്ക് ഒരു കത്ത് സമർപ്പിക്കപ്പെട്ടിരുന്നു. സോവൻ ദേബ് ചട്ടോപാധ്യായയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ കത്ത്.

എന്നാൽ, ഈ കത്തിൽ തങ്ങളുടെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒപ്പുകൾ പൂർണ്ണമായും വ്യാജമാണെന്ന ഗുരുതരമായ ആരോപണവുമായി ടി.എം.സി എം.എ.ൽ.എമാരായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും രംഗത്തെത്തി. ഇതേത്തുടർന്ന് പാർട്ടിയിലുണ്ടായ ആഭ്യന്തര തർക്കത്തിനൊടുവിൽ രണ്ട് എം.എൽ.എമാരെയും തൃണമൂലിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെ ഹരേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ബംഗാൾ സർക്കാർ അന്വേഷണം സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. സ്പീക്കർക്ക് അയച്ച വിവാദ കത്തിൽ ഒപ്പിട്ടവരിൽ പ്രധാനിയായതിനാൽ പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യലിനായി സി.ഐ.ഡി പലതവണ വിളിപ്പിച്ചിരുന്നു.

എന്നാൽ, ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാത്ത അഭിഷേക്, 15 ദിവസത്തെ സമയം കൂടി അധികമായി ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മമത ബാനർജിയുടെ വീട്ടിലേക്ക് സി.ഐ.ഡി നേരിട്ടെത്തിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ നീക്കം ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക