അറബിക്കടലിനടിയിലൂടെ 2,000 കി.മീ പൈപ്പ്‌ലൈൻ; ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വാതകമെത്തിക്കാൻ വൻ പദ്ധതി സജീവമാകുന്നു

പശ്ചിമേഷ്യൻ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ആഗോള ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം തേടി ഇന്ത്യ. ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് അറബിക്കടലിനടിയിലൂടെ 2,000 കിലോമീറ്റർ നീളത്തിൽ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതി വീണ്ടും സജീവമാകുന്നു. സാങ്കേതിക ബുദ്ധിമുട്ടുകളും ഉയർന്ന ചെലവും കാരണം ദശാബ്ദങ്ങളായി കടലാസിലൊതുങ്ങിയ ഈ പദ്ധതി, ഭാവിയിലെ ഊർജ്ജ സുരക്ഷ മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവരുന്നത്.

‘സൗത്ത് ഏഷ്യ ഗ്യാസ് എന്റർപ്രൈസ്’ ഇതിനകം തന്നെ സമുദ്രത്തിന്റെ അടിത്തട്ടിലെ സർവേകളും സാങ്കേതിക വിലയിരുത്തലുകളും പൂർത്തിയാക്കിയിട്ടുണ്ട്. ഏകദേശം 40,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ‘മിഡിൽ ഈസ്റ്റ്-ഇന്ത്യ ഡീപ് വാട്ടർ പൈപ്പ്‌ലൈൻ’ യാഥാർത്ഥ്യമായാൽ ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നേരിട്ടുള്ള ഒരു ഊർജ്ജ ഇടനാഴി തുറക്കപ്പെടും.

ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനവും തർക്കപ്രദേശവുമായ ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത് ഇന്ത്യയെ സഹായിക്കും. പദ്ധതിയുടെ പ്രാഥമിക പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ സാധ്യതാ പഠനം നടത്താൻ ഗെയിലിനെയും , എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡിനെയും, ഇന്ത്യൻ ഓയിൽ കോർപ്പറേഷനെയും കേന്ദ്ര പെട്രോളിയം മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.

അത്യാധുനിക സാങ്കേതികവിദ്യ ആവശ്യമുള്ള ഈ പൈപ്പ്‌ലൈൻ സമുദ്രനിരപ്പിൽ നിന്ന് 3,000 മീറ്ററിലധികം ആഴത്തിലൂടെയാണ് കടന്നുപോകുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിലെ അമിത മർദ്ദവും പ്രതികൂല സാഹചര്യങ്ങളും നിർമ്മാണത്തെയും ഇതിന്റെ പരിപാലനത്തെയും അതീവ ദുഷ്കരമാക്കുന്നു. കടലിനടിയിൽ എന്തെങ്കിലും സാങ്കേതിക തകരാറുകൾ സംഭവിച്ചാൽ അവ പരിഹരിക്കാൻ ഭീമമായ തുക ആവശ്യമായി വരും.

നിലവിൽ കണക്കാക്കിയ 40,000 കോടി രൂപ പ്രാഥമിക നിക്ഷേപം മാത്രമാണ്. നിർമ്മാണത്തിൽ കാലതാമസം നേരിട്ടാൽ ചെലവ് ഇനിയും കുതിച്ചുയരാൻ സാധ്യതയുണ്ട്. ദീർഘകാലാടിസ്ഥാനത്തിലുള്ള വാതകവിലയും ഗതാഗതച്ചെലവും കൃത്യമായി വിലയിരുത്തിയാകും പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുക.

മറുപടി രേഖപ്പെടുത്തുക