സംഘപരിവാറിനെ വിലകുറച്ച് കാണരുത്; കേരളത്തിൽ ആസൂത്രിത നീക്കങ്ങൾ നടക്കുന്നുവെന്ന് പി. ജയരാജൻ

സംഘപരിവാർ ശക്തികളെ ഒരു തരത്തിലും വിലകുറച്ച് കാണരുതെന്ന് മുന്നറിയിപ്പ് നൽകി മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. 2016-ൽ പശ്ചിമ ബംഗാളിൽ വെറും മൂന്ന് സീറ്റുകളിൽ മാത്രമാണ് ബി.ജെ.പി വിജയിച്ചതെങ്കിലും പിന്നീട് അവർ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ മുന്നേറ്റം നടത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമാനമായ രീതിയിൽ കേരളത്തിലും ബി.ജെ.പി മൂന്ന് സീറ്റുകൾ നേടിയ സാഹചര്യത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ജയരാജൻ പറഞ്ഞു.

കേരളത്തിൽ എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചതുമുതൽ ഇടതുപക്ഷത്തെ അധികാരത്തിൽ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിത നീക്കങ്ങൾ ആരംഭിച്ചിരുന്നുവെന്ന് ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി നിർണയത്തിൽ ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച ജയരാജൻ, എന്നാൽ അത് മാത്രമല്ല പാർട്ടിയുടെ തിരിച്ചടിക്ക് കാരണമെന്നും അഭിപ്രായപ്പെട്ടു.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാനത്ത് അസാധാരണമായ രീതിയിൽ സജീവമായി ഇടപെട്ടിരുന്നുവെന്നും കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്രയും ശക്തമായ ഇടപെടൽ മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചോർച്ചയും മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളും പാർട്ടി ഗൗരവത്തോടെ വിലയിരുത്തേണ്ട വിഷയങ്ങളാണെന്ന സൂചനയും അദ്ദേഹത്തിന്റെ പ്രതികരണത്തിലുണ്ട്.

മറുപടി രേഖപ്പെടുത്തുക